സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മേയ് എട്ടിന് രാവിലെ 6 മുതൽ മേയ് 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം തീരുമാനിക്കും. കെഎസ്ആർടിസി സർവീസുകൾ പൂർണമായി നിർത്തിവയ്ക്കും. ആശുപത്രി സേവനങ്ങൾക്ക് തടസമുണ്ടാവില്ല. പാചകവാതക വിതരണവും ചരക്ക് നീക്കവും തടസമില്ലാതെ നടക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രെയിൻ സർവീസുകൾ നിർത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനിക്കുമെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് മേയ് അഞ്ച് മുതൽ ഒൻപതു വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അവശ്യ സർവീസുകൾ ഒഴികെയുളള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. എന്നാൽ കോവിഡ് രണ്ടാം തരംഗം വ്യാപനമായതോടെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം വിലയിരുത്തിയതായും മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദേശ പ്രകാരം എമർജൻസി ഇവാക്യൂഷനുവേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കുമെന്നും എംഡി വ്യക്തമാക്കി.

Read More: കോവിഡ് മൂന്നാം തരംഗം ഉറപ്പ്, എപ്പോഴെന്ന് വ്യക്തമല്ലെന്ന് കേന്ദ്രം

സംസ്ഥാനത്ത് ഇന്നലെ 41953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 40,000 കടക്കുന്നത്.

എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5565 ആയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid kerala locdown from may 8 to 16 says pinarayi vijayan

Next Story
ഇന്ധന വില വീണ്ടും കൂട്ടി; തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി ഇത് മൂന്നാം ദിവസം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express