തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അതാത് ജില്ലകളിൽ 144 പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്‌ടർമാക്ക് നേരത്തെ അനുമതി നൽകിയിട്ടുണ്ട്. ഇന്നു രാവിലെ ഒൻപത് മുതൽ ഇത് നിലവിൽവരും. എല്ലാ ജില്ലകളിലും നിരോധനാജ്ഞ ഉത്തരവ് പ്രഖ്യാപിച്ചു.

144 നിലവിൽ വന്നാലും പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടാകില്ല. പൊതുസ്ഥലങ്ങളിൽ ഒരുസമയം അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. കടകൾക്ക് മുന്നിൽ ഉൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. അഞ്ച് പേരിൽ കൂടാതിരിക്കാൻ കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകൾ തുറക്കാം. ബാങ്കുകൾക്ക് അവധിയില്ല. ഒരു ജില്ലയിലും സമ്പൂർണ അടച്ചിടൽ ഇല്ല. അവശ്യ സർവീസുകൾ എല്ലാം പ്രവർത്തിക്കും.

Read Also: ഹത്രാസ്: രാജ്യത്താകെ പ്രതിഷേധം ശക്തമാവുന്നു

ആരാധനാലയങ്ങളിൽ പരമാവധി 20 പേരെ മാത്രമേ ചടങ്ങുകൾക്ക് പങ്കെടുപ്പിക്കാവൂ. സര്‍ക്കാര്‍,രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളും 20 പേര്‍ക്ക് പങ്കെടുക്കാം. വിവാഹത്തിന് 50 പേര്‍ക്കും മൃതസംസ്കാരത്തില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾക്ക് തടസമില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടുതൽ നിയന്ത്രണങ്ങൾ അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം.

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഒക്‌ടോബർ 31 വരെ 144 തുടരും. പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാറ്റമുണ്ടാകും.

കേരളത്തിൽ ഇന്നലെ മാത്രം 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നാല് ജില്ലകളിൽ ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 9000 കടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.