scorecardresearch

Covid 19 Highlights: കോഴിക്കോട്ട് 12 തദ്ദേശഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലയായി പ്രഖ്യാപിച്ചു

Covid 19 Highlights: രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,890 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്

Covid 19 Highlights: കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി കലക്ടര്‍ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനം കടന്ന 10 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് പട്ടികയിലുള്ളത്.

ഒളവണ്ണ, തൂണേരി, കോട്ടൂര്‍, ചേളന്നൂര്‍, വാണിമേല്‍, അഴിയൂര്‍, കാരശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത്തരം തദ്ദേശഭരണസ്ഥാപനങ്ങളുടെ അതിരുകള്‍ പൊലീസ് സീല്‍ ചെയ്യും.

ഈ പ്രദേശങ്ങളില്‍ മരുന്ന്, ഭക്ഷണം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയുള്ളവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കു രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെ പ്രവര്‍ത്തിക്കാം. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.

അത്യാവശ്യ കാര്യങ്ങള്‍ക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളില്‍നിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേയ്‌ക്കോ പ്രവേശിക്കാന്‍ അനുവാദമില്ല. അത്യാവശ്യ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അവ വീടുകളില്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ആര്‍. ആര്‍.ടി വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തണം.

Also Read: 18 വയസ്സിന് മുകളിലുള്ള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ വാക്സിൻ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 3.26 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ക്കു ജീവന്‍ നഷ്ടമായി. 3.53 ലക്ഷം പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 36.7 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ ഓക്സിജന്‍ വ്യതിയാനും മൂലം വെള്ളിയാഴ്ച പുലര്‍ച്ചെ 13 രോഗികള്‍ കൂടി മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 49 പേരാണ് ഇതുവരെ മരിച്ചത്.

നാലാഴ്കളായുള്ള ലോക്ക്ഡൗണ്‍ ഡൽഹിയിൽ കോവി‍ഡ് വ്യാപനത്തിന് കുറവുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായി കേസുകളുടെ എണ്ണം 10,000 ത്തിന് താഴെയെത്തി. ഇന്നലെ 8,506 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവ് രേഖപ്പെടുത്തി. 68,575 പേരെ പരിശോധിച്ചപ്പോള്‍ ടിപിആര്‍ 12.40 ശതമാനമാണ്. 14,000 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

മഹാരാഷ്ട്രയിലും മുംബൈയിലും സ്ഥിതി സമാനമാണ്. സംസ്ഥാനത്ത് 37,656 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഏപ്രില്‍ ആദ്യ വാരത്തോടെ വ്യാപനം രൂക്ഷമാവുകയും സജീവ കേസുകള്‍ 87,443 ആയി ഉയരുകയും ചെയ്തിരുന്നു. 81 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് പുതിയ കണക്കുകള്‍ അനുസരിച്ച് 92 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ടിപിആര്‍ 6.5 ശതമാനമാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിൽ 16 മുതൽ 30 വരെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതൽ 30 വൈകിട്ട് ആറു വരെയാണ് ലോക്ക്ഡൗൺ.

Live Updates
22:25 (IST) 15 May 2021
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത്

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു എന്ന് മുഖ്യമന്ത്രി. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.

ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.

20:54 (IST) 15 May 2021
തെലങ്കാനയിൽ 4,298 കോവിഡ് കേസുകൾ കൂടി, 32 മരണങ്ങൾ

തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,298 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 32 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6026 പേർ രോഗ മുക്തരായി.

20:49 (IST) 15 May 2021
രാജസ്ഥാനിൽ പുതിയ 13,565 കേസുകൾ, 149 മരണം

രാജസ്ഥാനിൽ ഇന്ന് 13,565 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 149 മരങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 6,621 ആയി.

20:45 (IST) 15 May 2021
ബംഗാളിൽ ആദ്യമായി 144 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

പശ്ചിമ ബംഗാളിൽ പ്രതിദിന മരണ നിരക്ക് ആദ്യമായി 144 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 19,511 പുതിയ കേസുകൾ ബംഗാളിൽ റിപ്പോർട്ട് ചെയ്തു.

19:33 (IST) 15 May 2021
കർണാടകയിൽ 40,000ൽ അധികം പുതിയ രോഗികൾ, മരണം 349

കർണാടകയിൽ 41,664 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 349 പേർ കോവിഡ് ബാധിച്ചു മരിച്ചു. 34,425 പേർക്കാണ് രോഗമുക്തി.

19:28 (IST) 15 May 2021
കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ 1,147 പുതിയ കേസുകൾ കൂടി

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,147 പേർ കൂടി കോവിഡ് ബാധിതരായി. 62 മരണങ്ങളും സ്ഥിരീകരിച്ചു. 2,333 പേരാണ് രോഗമുക്തരായത്.

19:07 (IST) 15 May 2021
കോഴിക്കോട്ട് 30 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 30നു മുകളില്‍

കോഴിക്കോട് ജില്ലയില്‍ മേയ് ഒമ്പത് മുതല്‍ 15 വരെയുള്ള ആഴ്ചയില്‍ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളില്‍. ഏറ്റവും ഉയര്‍ന്ന ടിപിആര്‍ രേഖപ്പെടുത്തിയത് 45 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.തൂണേരി (44), കോട്ടൂര്‍ (38), ചേളന്നൂര്‍ (37), രാമനാട്ടുകര (37), വാണിമേല്‍(37), അഴിയൂര്‍ (36), കാരശ്ശേരി (36), ഫറോക്ക് (35), കക്കോടി (35), ഉണ്ണികുളം (35), വളയം (35), കൊടിയത്തൂര്‍ (34), കാക്കൂര്‍ (33), ഒഞ്ചിയം (33), പനങ്ങാട് (33), വേളം (33), ചെറുവണ്ണൂര്‍ (32), കടലുണ്ടി (32), കുന്നുമ്മല്‍ (32), തലക്കുളത്തൂര്‍ (32), തിരുവള്ളൂര്‍ (32), എടച്ചേരി (31), ഓമശ്ശേരി (31), പെരുവയല്‍ (31), ചെക്യാട് (30), കട്ടിപ്പാറ(30), നാദാപുരം(30), നടുവണ്ണൂര്‍ (30), പെരുമണ്ണ (30) ശതമാനം എന്നിങ്ങനെയാണ് മ്റ്റു തദ്ദേശ സ്ഥാപനങ്ങള്‍.

19:01 (IST) 15 May 2021

ലോക്ക്ഡൗണിൽ ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചതിനെത്തുടർന്ന് പൊലീസ് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിയ്ക്ക് കൊച്ചി കടവന്ത്രയിൽ ഊഴം കാത്തുനിൽക്കുന്ന അതിഥി തൊഴിലാളികൾ

18:55 (IST) 15 May 2021
കോഴിക്കോട്ട് 12 തദ്ദേശഭരണ സ്ഥാപനങ്ങൾ അതീവ ഗുരുതര മേഖല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി കലക്ടര്‍ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനം കടന്ന 10 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് പട്ടികയിലുള്ളത്.

18:16 (IST) 15 May 2021
കോവിഡ് രോഗികളിലെ ഫംഗസ് അണുബാധ; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ

കോവിഡ് രോഗികളിൽ ഉൾപ്പടെ കാണുന്ന ഫംഗസ് അണുബാധയായ മ്യൂക്കോമൈക്കോസിസ് രോഗത്തെ പിടിച്ചു കെട്ടണമെന്ന് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അടിയന്തിരമായി കോവിഡ് രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, മ്യൂക്കോമൈക്കോസിസ് ബാധിക്കുന്ന 90 ശതമാനം രോഗികളും പ്രമേഹ രോഗികളാണെന്നും അദ്ദേഹം പറഞ്ഞു.

16:01 (IST) 15 May 2021
തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

തമിഴ്‌നാട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി കേസുകൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. എന്നാൽ നിയന്ത്രിക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ആഴ്ച 21.9% ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് 19.8% ആയി കുറഞ്ഞതായും ഡൽഹി, ചണ്ഡീഗഢ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

15:34 (IST) 15 May 2021
ഡൽഹിയിലെ കോവിഡ് നിരക്ക് കുറയുന്നു, ടിപിആർ നിരക്കിൽ 11% കുറവ്

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 6500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പോസിറ്റിവിറ്റി നിരക്കിൽ 11 ശതമാനത്തിന്റെ കുറവ് വന്നതായും. ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

14:51 (IST) 15 May 2021
മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ ആശിഷ് ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു.

13:47 (IST) 15 May 2021
ബംഗാളിൽ മേയ് 30 വരെ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിൽ മേയ് 30 വരെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 16 ഞായറാഴ്ച രാവിലെ 6 മണി മുതൽ മേയ് 30 വൈകുന്നേരം 6 മണിവരെയാണ് ലോക്ക്ഡൗൺ. ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ രാത്രി കർഫ്യുവും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

11:43 (IST) 15 May 2021
മരുന്ന് മുതല്‍ ഓക്സിജന്‍ വരെ, ഡല്‍ഹിയില്‍ കരിഞ്ചന്ത സജീവം

റെംഡിസിവിർ ഒരു കുപ്പിക്ക് അര ലക്ഷം രൂപ, വലിയ ഓക്സിജന്‍ സിലിണ്ടറിന് 40,000 രൂപ. ഡല്‍ഹിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ജീവന്‍ നിലനിര്‍ത്താന്‍ പലരും കൊടുക്കുന്ന വിലയാണത്. കോവിഡ് വ്യാപനവും ഓക്സിജന്‍ ക്ഷാമവും ഒത്തു ചേര്‍ന്നപ്പോള്‍ കരിഞ്ചന്ത വ്യാപാരം രാജ്യ തലസ്ഥാനത്ത് സജീവമാവുകയാണ്.

11:10 (IST) 15 May 2021
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം, 700 പേര്‍ അറസ്റ്റില്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് ഗുജറാത്തില്‍ 700 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 41 ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ പിടിയിലായത്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ജാഗ്രതക്കുറവ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്.

10:47 (IST) 15 May 2021
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച മുതല്‍

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കും

10:28 (IST) 15 May 2021
കേസുകളും മരണവും കുറയുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ചത്തേക്കാള്‍ 31,000 കേസുകളുടെ കുറവ് ഇന്ന് രേഖപ്പെടുത്തി. മരണനിരക്ക് ദിവസങ്ങള്‍ക്ക് ശേഷം 4,000 ത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തു

10:15 (IST) 15 May 2021
ഏറ്റവും അധികം കേസുകള്‍ കര്‍ണാടകയില്‍

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ണാടകയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,779 രോഗബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായത്. 373 മരണവും സംഭവിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ 39,923 ആണ്. 714 മരണവും കോവിഡ് മൂലമുണ്ടായി.

09:49 (IST) 15 May 2021
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം

രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,890 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. 3.53 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 36.7 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

Web Title: Covid india coronavirus kerala live updates may 15