തിരുവനന്തപുരം: കോവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ വർധിപ്പിച്ചു. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ 200 രൂപയിൽ നിന്ന് 500 ആയി ഉയർത്തി. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപ പിഴയടക്കേണ്ടിവരും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ.
വിവാഹച്ചടങ്ങുകളിൽ ആളുകൾ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനുവദിച്ച ആളുകളേക്കാൾ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്തരുതെന്ന് സംസ്ഥാന സർക്കാർ നിർദേശിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 200 രൂപയായിരുന്നു നേരത്തെ പിഴ, ഇത് 2,000 ആയി വർധിപ്പിച്ചു.
Read Also: ആശ്വാസ വാർത്ത; കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് അവകാശവാദം
കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങി എന്ന അവസ്ഥ വന്നതോടെ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴത്തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്ത അവസ്ഥയുണ്ട്. പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്‌താണ് പിഴത്തുക കൂട്ടിയത്. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴത്തുകയ്‌ക്ക് പുറമേ മറ്റ് നിയമനടപടികൾ നേരിടേണ്ടിവരും. ക്വാറന്റെെൻ ലംഘനത്തിനുള്ള പിഴ ആയിരത്തിൽ നിന്ന് രണ്ടായിരമായി കൂട്ടി.
Read Also: ശബരിമല നട നാളെ തുറക്കും; കർശന നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനങ്ങൾ ധാരാളം കണ്ടെത്തിയിരുന്നു. ആളുകൾ കൂട്ടം കൂടി നിൽക്കുകയും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കാനും പിഴത്തുക കൂട്ടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 5,804 പേര്‍ക്കുകൂടി പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 6201 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 766, എറണാകുളം 558, തൃശൂര്‍ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂര്‍ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.