തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മതപരമായ ചടങ്ങുകൾ നടത്താമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അവരുടെ ബന്ധുക്കൾക്ക് കാണിക്കാം. സംസ്‌കാരത്തിനു മുൻപ് മൃതദേഹം പൊതിയുന്ന കവറിന്റെ മുഖഭാഗത്തെ സിബ് മാറ്റി അടുത്ത ബന്ധുക്കളെ മുഖം കാണിക്കാനാണ് അനുമതി.

നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങൾ വായിക്കുക, മന്ത്രങ്ങൾ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റു ചടങ്ങുകൾ ശരീരത്തിൽ സ്‌പർശിക്കാതെ ചെയ്യാം. ഒരു കാരണവശാലും മരിച്ചയാളുടെ ശരീരത്തിൽ സ്‌പർശിക്കരുത്. മൃതദേഹം കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല.

Read Also: വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ, കോവിഡ് മാനദണ്ഡം പാലിക്കണം: മുഖ്യമന്ത്രി

60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലർത്തരുത്. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാം.

മൃതദേഹത്തിന്റെ തൊട്ടടുത്തുനിന്ന് കാണരുത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് വൈറസ്‌ പകരാൻ സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ പാലിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ആളുകൾ കൂട്ടംകൂടി നിൽക്കരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.