തൃശൂർ: തൃശൂരിൽ കോവിഡ് മരണം. ജൂലൈ അഞ്ചിനു കുഴഞ്ഞുവീണു മരിച്ച തൃശൂർ സ്വദേശിയായ വീട്ടമ്മയ്‌ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവസാംപിളുകൾ പരിശോധിച്ചപ്പോഴാണ് മരിച്ച വീട്ടമ്മയ്‌ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തൃശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി വത്സലയാണ് (63 വയസ്) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 30 ആയി.

ഈ മാസം അഞ്ചിന്​ അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ വത്സല മരിക്കുകയായിരുന്നു. മരണകാരണത്തിൽ വ്യക്തതയില്ലാത്തതിനാൽ കോവിഡ്​ പരിശോധനയും പോസ്റ്റ്‌മോർട്ടവും നടത്തുകയായിരുന്നു. ട്രുനാറ്റ് പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ, വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് വത്സലയ്‌ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് സ്ഥിരീകരിക്കുന്നത്. ഇന്നാണ് സ്ഥിരീകരണം ലഭിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടറടക്കം ക്വാറന്റൈനിൽ പോകണം. സെക്കൻഡറി കോണ്ടാക്‌ട്​ വഴിയായിരുന്നു ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്. ശവസംസ്‌കാര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ഇവരോടെല്ലാം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ജൂലൈ ഏഴിനായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.

Read Also: പൂന്തുറ ശാന്തം, അവശ്യ സാധന വിതരണം ആരംഭിച്ചു, ആരോഗ്യവകുപ്പുമായി ജനം സഹകരിക്കുന്നു

നേരത്തെ ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് പോയ കെഎസ്‌ആർടിസി ബസിലെ കണ്ടക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസിൽ യാത്ര ചെയ്‌ത വത്സലയുടെ മകൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മകൾ ക്വാറന്റൈനിൽ ആയതിനാൽ വത്സലയും ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

എറണാകുളത്തും കോവിഡ് മരണം

ഇന്ന് എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. എറണാകുളം പെരുമ്പാവൂര്‍ പൊന്നമ്പിള്ളില്‍ ബാലകൃഷ്‌ണൻ(79) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30 ആയി. ഇയാൾക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ബാലകൃഷ്‌ണനുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് തിരിച്ചറിയാത്തതിനാല്‍ ഇയാൾക്ക് ചികിത്സ വൈകിയതായി ആരോപണമുയർന്നിരുന്നു.

Read Also: ഈ വർഷം ഒരു കോവിഡ് വാക്സിനും സാധ്യമല്ലെന്ന് വിദഗ്‌ധർ

തൃശൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്‌തു

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ത്യശൂർ സ്വദേശി ജോൺസൺ (65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മുംബൈയിൽ നിന്നെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.