പാലക്കാട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. മേയ് 25ന് ചെന്നൈയില്‍ നിന്നെത്തി ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ മരിച്ചത്. മീനാക്ഷിയമ്മാളിനു കോവിഡ് ഉണ്ടെന്ന കാര്യം ഇന്നാണ് സ്ഥിരീകരിച്ചത്. മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 12 ആയി.
മേയ് 25 നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ എത്തിയത്. മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളും ഇവർക്കുണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1494 ആയി. നിലവിൽ 632 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1,60,304 പേരാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്. 1,140 പേർ ആശുപത്രികളിലും 1,58,861 പേർ ഹോം, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലുമാണ്. 73,712 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 69,606 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പാക്കി.
Read Also: കോവിഡ്-19 രോഗിയുടെ മത്സ്യ ബൂത്ത് അക്രമികള്‍ തകര്‍ത്തു
രാജ്യത്തും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ആദ്യമായി ഒരു ദിവസം ഒൻപതിനായിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,304 പേർക്ക് രോഗം സ്ഥിരീകരിച്ചു, 260 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6,075 ആയി ഉയർന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.
കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനു ചെറിയ തോതിൽ പനിയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സാംപിൾ പരിശോധിച്ചത്. അജയ് കുമാർ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. 3,85,947 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. അമേരിക്കയിൽ മാത്രം 18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുകയും ഒരു ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.