ആലപ്പുഴ: കോവിഡ് ബാധിച്ച മരിക്കുന്നവരുടെ മൃതദേഹം ഹദിപ്പിക്കണമെന്ന് ആലപ്പുഴ രൂപത. പള്ളിസെമിത്തേരിയിൽ തന്നെ ഇതിനുള്ള സൗകര്യമൊരുക്കണമെന്നും രൂപതാംഗങ്ങൾക്ക് അയച്ച സർക്കുലറിൽ ബിഷപ്പ് ജയിംസ് ആനാപറമ്പിൽ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സിഎസ്ഐ സഭാംഗങ്ങളെ കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുന്നത് അനുസരിച്ച് സെമിത്തേരിയിൽ അടക്കം ചെയ്യുമെന്ന് ബിഷപ്പ് തോമസ് കെ ഉമ്മനും അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ആലപ്പുഴ രൂപത മെത്രാന്റെ സര്‍ക്കുലറില്‍ പറയുന്നു. ശവദാഹത്തിനുള്ള കേന്ദ്രങ്ങള്‍ സമീപപ്രദേശത്തുണ്ടെങ്കില്‍ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം.

Also Read: കൂട്ടത്തല്ലിനു സ്‌ത്രീകളും കുട്ടികളും; പൊലീസ് കേസെടുത്തു

ശരീരം ദഹിപ്പിക്കുന്നതിന് മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണമെന്നും ദഹിപ്പിച്ച ശേഷം ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. കോവിഡ് മഹാമാരി സാമൂഹ്യവ്യാപനത്തിലൂടെ പടരുന്നതായി ബോധ്യപ്പെട്ടതിനാല്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ഇടവക സംവിധാനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിർദേശിച്ചു.

നേരത്തെ സമാന നിലപാട് തൃശൂർ അതിരൂപതയും സ്വീകരിച്ചിരുന്നു. എന്നാൽ പള്ളി സെമിത്തേരികളിൽ സ്ഥലമില്ലെങ്കിൽ മാത്രമേ ദഹിപ്പിക്കാവൂവെന്നാണ് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ.ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്‌ടം പള്ളി സെമിത്തേരിയിൽ പിന്നീട് അടക്കം ചെയ്യണമെന്ന നിബന്ധനയുണ്ട്. കോവിഡ് കാലത്തേക്ക് മാത്രമാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി.

കോവിഡ് മഹാമാരിമൂലം സിഎസ്ഐ സഭാംഗങ്ങൾ ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുന്ന പക്ഷം ശുശ്രൂഷകൾ നല്കി സഭയുടെ സെമിത്തേരിയിൽ തന്നെ അവരെ അടക്കം ചെയ്യുമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മൻ. കോവിഡ് എന്നത് മാത്രമല്ല ഏത് രോഗം ബാധിച്ചും ഏത് സാഹചര്യത്തിലും മരണമടയുന്നവരെ മാന്യമായ സംസ്കാരം നൽകണമെന്ന് സഭ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

Also Read: ‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’, പരസ്യം വിവാദത്തിൽ, ഫായിസിനു സമ്മാനം നൽകുമെന്ന് മിൽമ

കോട്ടയത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് സിഎസ്ഐ സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ ശക്തമായ പ്രതിക്ഷേധവും സഭ അറിയിച്ചു. കോവിഡ് മൂലം മരണമടഞ്ഞ പെന്തകോസ്ത് വിശ്വാസിയായ വയോധികൻറെ സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ സിഎസ്ഐ സഭയ്ക്ക് യാതൊരു ബന്ധവുമില്ല. മരണപ്പെട്ടയാൾ സിഎസ്ഐ സഭാംഗമല്ലെന്നും സഭ പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് വൈറസ് ബാധ മൂലം മരണപ്പെടുന്ന ആളുകൾക്ക് മാന്യമായ ഒരു സംസ്കാരം നൽകുകയാണ് പരിഷ്കൃതസമൂഹം ചെയ്യേണ്ടിയിരുന്നത്.ഒരു പൗരന് ലഭിക്കേണ്ട അവകാശത്തെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വികൃതമാക്കിയ ആളുകൾ സിഎസ്ഐ സഭയുടെ പേര് തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് നല്ലതല്ല ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല സിഎസ്ഐ സഭ. ഈ സഭ ദേശത്തിന് നൽകിയ സംഭാവനകൾക്ക് പകരം വയ്ക്കുവാൻ മറ്റൊന്നിനും സാധിച്ചിട്ടില്ല.സഭയുടെ സാക്ഷ്യം അതാണ്. പ്രളയകാലത്ത് മൃതദേഹം വയ്ക്കുവാൻ സ്ഥലമില്ലാതെ വന്ന ഹൈന്ദവ സ്നേഹിതന്റെ ഭൗതീക ശരീരം സഭയുടെ സ്ഥാപനത്തിൽ വയ്ക്കുകയും അന്ത്യകർമങ്ങൾ നടത്തുവാൻ അനുവാദം നൽകുകയും ചെയ്ത പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളത്.

യാഥാർത്ഥ്യ ബോധത്തോടുകൂടി പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു സ്ഥാപിത താൽപര്യങ്ങൾ വേണ്ടി സിഎസ്ഐ സഭയുടെ പേര് ഉപയോഗിച്ച ചില മാധ്യമങ്ങൾ അച്ച് നിരത്തുന്നതിന് മുമ്പ് അച്ചുകൂടവും അക്ഷരങ്ങളും എവിടെനിന്ന് ലഭിച്ചു എന്ന് ഓർക്കുന്നത് നന്നായിരിക്കും.ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുമ്പോൾ പക്വതയോടുകൂടി പ്രവർത്തിക്കുവാൻ രാഷ്ട്രീയപ്രവർത്തകർ തയ്യാറാകണമെന്നും ബിഷപ്പ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.