/indian-express-malayalam/media/media_files/uploads/2021/05/covid-hospital-photo-by-amit-mehra.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവുവരുന്നതായിട്ടാണ് ഇന്നു ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തലെങ്കിലും പൂര്‍ണമായി ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിലുള്ള കുറവ്. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. ഐസിയു ബെഡുകളിലും വെന്റിലേറ്ററുകളിലുമുള്ള തിരക്ക് കുറച്ചു നാളുകള്‍ കൂടി നീളും. അതിനാല്‍ ആശുപത്രികളില്‍ കൂടുതല്‍ തിരക്കുണ്ടാകാതിരിക്കുകയെന്നത് അനിവാര്യമാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട ഏറ്റവും പ്രധാന മുന്‍കരുതലാണത് എന്നോര്‍ക്കണം.
വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തും.
സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും പാര്‍ലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും 28 മുതല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.
Also Read: സംസ്ഥാനത്ത് ഇന്ന് 28,798 പുതിയ കേസുകൾ; 151 മരണം
ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും.
കോവിഡ് കാരണം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മരിക്കുന്നവരെ ഉടന്‍ തന്നെ ആശുപത്രി വാര്‍ഡുകളില്‍നിന്നു മാറ്റാന്‍ സംവിധാനമുണ്ടാക്കും.
ടെക്‌നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ അവരുടെ അഭിപ്രായം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15 പരീക്ഷകള്‍ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതനുസരിച്ച് പരീക്ഷ ആരംഭിക്കും.
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്റിങ് സെന്ററുകളും ഇന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഇത് കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.