തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളേുകൾ അടച്ചിടുന്ന കാര്യം പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളേജുകൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read: കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണം; പൊതുപരിപാടികള്‍ക്ക് വിലക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ചൊവ്വാഴ്ച 28,481 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.