കാസര്‍ഗോഡ്: ജില്ലയ്ക്കകത്ത് സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിച്ച് കാസർഗോഡ് ജില്ലാ കലക്ടർ. പ്രശ്നത്തിൽ റവന്യൂ മന്ത്രി ഇടപെട്ടതോടെയാണ് ഉത്തരവ് പിൻവലിച്ചത്. ഉത്തരവിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ പുതിയ പത്രക്കുറിപ്പിറക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് ജില്ലയിലെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണിതെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞിരുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും ജില്ലാ പൊലീസ് മേധാവിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 622 പേര്‍ക്കാണ് പുതുതായി കോവിഡ് 19 രോഗം ബാധിച്ചത്. ജില്ലയില്‍ നിലവില്‍ 4155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചികരിക്കുന്നത്.