തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഡെൽറ്റ, ഒമിക്രോൺ വൈറസുകളാണ് രോഗവ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ ഒമിക്രോണിന് ആറിരട്ടി വ്യാപന ശേഷിയുണ്ട്. ഒമിക്രോൺ വന്നു പോകട്ടെയെന്ന് നിസാരമായി കാണരുത്. അതീവ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റയും ഒമിക്രോണും കൂടിയതോടെയാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. ഒമിക്രോണിനു ഭൂരിഭാഗത്തിനും മണവും രുചിയും പോകുന്നില്ല. മണവും രുചിയും ഉള്ളതുകൊണ്ട് കോവിഡ് അല്ലെന്ന് കരുതി അവഗണിക്കരുത്. ഒമിക്രോൺ നിസാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഈ ഘട്ടം അതിപ്രധാനമാണ്. ഈ ഘട്ടത്തിൽ എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. വായു സഞ്ചാരമുള്ള മുറികൾ ഉറപ്പാക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.
ആശുപത്രിയിൽ കൂട്ടിരിപ്പിന് ഒരാൾ മതി. മോണോക്ലോണൽ ആന്റിബോഡി ചികിൽസ ഒമിക്രോണിന് ഫലപ്രദമല്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടും. ആശുപത്രിയിൽ സജ്ജീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സിഎഫ്എൽടിസികൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ സ്റ്റാഫുകൾ കുറയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയ, കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണം. മരുന്നു ക്ഷാമമെന്നത് വ്യാജപ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.
Read More: ‘കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ ശതകോടികൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകണം’; അഡാർ പൂനാവല്ല