scorecardresearch
Latest News

കോവിഡ് രണ്ടാം തരംഗം: ആശങ്കയായി ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ രോഗവ്യാപനം

കഴിഞ്ഞ രണ്ട് മാസത്തിനിടെ 14,401 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്

Covid, Tribals

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമാകുന്നതായി കണക്കുകള്‍. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 7.67 ശതമാനത്തിന് രോഗം പിടിപെട്ടു. എന്നാല്‍ ആദിവാസി മേഖലയില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 3.59 ശതമാനം മാത്രമാണ്. പക്ഷെ, ആശങ്കപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍, ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തവയാണ്.

ജനുവരി അവസാനം വരെ 3,000 പേര്‍ക്കായിരുന്നു കോവിഡ് പോസിറ്റീവ് ആയിരുന്നത്. മേയ് 31 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 17,401 ആയി ഉയര്‍ന്നിട്ടുണ്ട്. 146 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവനും നഷ്ടമായി. ഒന്നാം തരംഗത്തില്‍ 35 മരണം മാത്രമായിരുന്നു ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സ്ഥിരീകരിച്ചിരുന്നത്. 4.8 ലക്ഷം പേരാണ് പ്രസ്തുത വിഭാഗത്തിലായി കേരളത്തിലുള്ളത്.

മലയോര മേഖലകളിലെ കുഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, ജീവിതശൈലി, വിവിധ വകുപ്പുകൾ സ്വീകരിച്ച മുന്‍കരുതലുകള്‍ എന്നിവ ആദ്യ തരംഗത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചതായി ആദിവാസി വകുപ്പ് അധികൃതര്‍‍ വ്യക്തമാക്കി. ഇപ്പോഴത്തെ വര്‍ധനവിന് പിന്നില്‍ വ്യാജമധ്യ വില്‍പ്പനയും, നിയമസഭാ തിരഞ്ഞെടുപ്പുമാണെന്ന് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.

Also Read: സിനോവാക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

“നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ആദിവാസി വിഭാഗത്തിലെ സമുദായങ്ങൾ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തി. ഗോത്രവർഗക്കാർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 80 ശതമാനവും കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ്. വ്യാജമധ്യം തേടി വരുന്നവരുമായും സമ്പര്‍ക്കം ഉണ്ടാകുന്നു. ഇത് കേസുകളുടെ എണ്ണം ഉയരുന്നതിന് കാരണമായി. ചില ആദിവാസി മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്,” അധികൃതര്‍ പറഞ്ഞു.

പക്ഷെ അട്ടപ്പാടി മേഖലയില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ 40 ശതമാനവും ആദിവാസി വിഭാഗങ്ങളാണ് താമസിക്കുന്നത്. പക്ഷെ രോഗവ്യാപനം ഇവര്‍ക്കിടയില്‍ കുറവാണ്. അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്ത 2,259 കേസുകളില്‍ 816 എണ്ണം ആദിവാസി വിഭാഗങ്ങളിലാണ്. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

“ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ആദിവാസി ജനവിഭാഗത്തിന് ഉടനടി വാക്സിന്‍ നല്‍കേണ്ടതുണ്ട്. സാമൂഹിക അകലം പാലിക്കുക എന്നത് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തികമാകാത്ത സാഹചര്യത്തിലാണിത്. എത്രയും വേഗം കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗം. ഇതുവരെ 74,00 പേര്‍ക്ക് ഒരു ഡോസ് കുത്തിവയ്പ്പ് എടുത്തു,” അധികൃതര്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid cases rising among tribals in kerala