ന്യൂഡല്‍ഹി: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വരാനിരിക്കുന്ന ഉത്സവങ്ങളും ജനങ്ങളുടെ വന്‍തോതിലുള്ള ഒത്തുചേരലുകളും കോവിഡ് വെറസ് വ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു.
കേരളത്തിനു പുറമെ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കാണു കത്തയച്ചിരിക്കുന്നത്. പറഞ്ഞു. കോവിഡ് പരിശോധനയും പ്രതിരോധ വാക്‌സിനേഷനും വര്‍ധിപ്പിക്കാനും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
അണുബാധ കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമായ കേസ് മാനേജ്മെന്റിനും നടപടിയുണ്ടാകണം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍, പോസിറ്റിവിറ്റി നിരക്ക്, ക്ലസ്റ്ററുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കത്തില്‍ വെള്ളിയാഴ്ച അയച്ച കത്തില്‍ നിര്‍ദേശിച്ചു. മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിര്‍ണായകമാണെന്നും ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞു.
ജൂലൈയില്‍ മഹാരാഷ്ട്രയില്‍ പ്രതിമാസം ശരാശരി 2,135 കേസുകളും കേരളത്തില്‍ 2,347 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ തല കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തില്‍ പറയുന്നു. പുതിയ നിരീക്ഷണ തന്ത്രം ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
”രോഗലക്ഷണങ്ങളിലെ ചില മാറ്റങ്ങളും രോഗത്തിന്റെ സ്വഭാവും കണക്കിലെടുത്ത്, ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖങ്ങളും കടുത്ത ശാസകോശസംബന്ധമായ അണുബാധ (സാരി) കേസുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ജില്ല തിരിച്ച് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. അണുബാധയുടെ വ്യാപനത്തിന്റെ മുന്‍കൂര്‍ സൂചനകള്‍ കണ്ടെത്താന്‍ പതിവായി നിരീക്ഷണം വേണം. ആശങ്കയുള്ള ഏത് മേഖലയിലും ആവശ്യമെങ്കില്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കാന്‍ ഇത് നമ്മളെ പ്രാപ്തരാക്കും, ”കത്തില്‍ പറയുന്നു.
അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ദ്ദിഷ്ട സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ്ങിന്റെയും പുതിയ കോവിഡ് കേസുകളുടെ പ്രാദേശിക ക്ലസ്റ്ററുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതിന്റെയും പ്രാധാന്യം കത്തില്‍ ഊന്നിപ്പറയുനനു. അത്തരം സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായയുള്ള ഐ എന്‍ എസ് എ സി ഒ ജി ശൃംഖയിലുള്ള നിയുക്ത ലാബിലേക്കു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉടന്‍ തന്നെ അയയ്ക്കണം.
‘കോവിഡ് വാക്സിനേഷന്‍ അമൃത് മഹോത്സവ’ത്തിനു കീഴില്‍ സെപ്റ്റംബര്‍ 30 വരെ മുന്‍കരുതല്‍ സൗജന്യ ഡോസ് നല്‍കുന്നതിന്റെ വേഗത വര്‍ധിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.