/indian-express-malayalam/media/media_files/uploads/2021/07/pregnant-woman-covid-test.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. തുടര്‍ച്ചയായ നാലാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 1,465 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് എറണാകുളത്താണ്.
പ്രസ്തുത സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
മേയ് അവസാനവാരത്തോടെ രാജ്യത്ത് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 15,708 ല്‍ നിന്ന് 21,055 ലേക്കെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമായി ഉയരുകയും ചെയ്തു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 31 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. മഹാരാഷ്ട്രയാണ് കേരളത്തിന് പിന്നിലായുള്ളത്, 23.19 ശതമാനം. തമിഴ്നാട് (3.13), തെലങ്കാന (1.78) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
കേരളത്തില്‍ 11 ജില്ലകളിലും രോഗവ്യാപനം കൂടുതലാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ആലപ്പുഴ, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകളൊഴികയുള്ളവയിലാണ് കേസുകളുടെ എണ്ണം ഉയരുന്നതെന്നും കേന്ദ്രം അറിയിച്ചു.
ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല.
കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തല്‍. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.
18 വയസ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
12 മുതല്‍ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. പ്രദേശികമായി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും.
എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്‌ക്കെതിരേയും ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ഭരണപക്ഷത്തെ വിറപ്പിക്കാന്‍ രമയ്‌ക്കൊപ്പം ഇനി ഉമ; പ്രതിപക്ഷത്ത് വനിതകള്‍ രണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.