തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസുകള്‍ രണ്ടായിരം കവിയുന്നത്. അഞ്ച് മരണവും മഹാമാരി മൂലം സംഭവിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. 796 പേര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സ്ഥലങ്ങള്‍.
രാജ്യത്താകെയും കോവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 7,241 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32,498 ആയി ഉയർന്നു. എട്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അയ്യായിരത്തിന് മുകളിലായിരുന്നു കോവിഡ് ബാധിതരുടെ എണ്ണം.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 2,193 പേർക്കും മഹാരാഷ്ട്രയിൽ 2,701 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മുംബൈയിൽ നിന്ന് മാത്രം 1,765 രോഗികളാണ് ഉള്ളത്. തമിഴ്നാട്ടിലും ഇന്നലെ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.
Also Read: രാംനാഥ് കോവിന്ദിനു പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്