തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കോവിഡ് കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് വ്യാപനത്തോത് പത്ത് ശതമാനമായി കുറഞ്ഞെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനതോത് ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയിരുന്നു. ഇത നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കേസുകള്‍ കുറഞ്ഞു. നിലവില്‍ ഇത് പത്ത് ശതമാനമായി കുറഞ്ഞെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
സംസ്ഥാനത്തെ ടിപിആർ ഉയർന്ന് നിന്നത് രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. മരണനിരക്ക് കൂടിയത് പുതിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു കണക്കാക്കുന്നത് മാറ്റിയത് കൊണ്ടാണ്. കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. കോവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വറന്റീൻ ഒഴിവാക്കുന്ന നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര മാർഗനിർദേശവും ഇങ്ങനെയാണ്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിർദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനത്ത് ടിപിആര്‍ 40 ശതമാനത്തില്‍ താഴെ എത്തിയിരുന്നു. പ്രതിദിന കോവിഡ് കേസുകളും 50,000ല്‍ താഴെ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപനത്തോത് കുറഞ്ഞതായി മന്ത്രി അറിയിച്ചിരിക്കുന്നത്.
Also Read: രാജ്യത്ത് മൂന്നാം തരംഗം ശമിക്കുന്നതായി സൂചന; ആശങ്കയായി കേരളവും മിസോറാമും