തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുളള നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽവരും. വ്യാപാരസ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കടകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. വ്യാപാരികളുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് മേയർ നിയന്ത്രണങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരുന്നതിനു പിന്നാലെയാണ് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

Read Also: ബാഴ്‌സ ക്യാംപിൽ സഹതാരവുമായി മെസി വഴക്കിട്ടതായി സൂചന; വിവാദം കനക്കുന്നു

നാല് ദിവസങ്ങളിൽ മാത്രമേ പച്ചക്കറി, പഴവർഗ കടകൾ തുറക്കാവൂ. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ. ആഴ്‌ചയിലെ മറ്റ് ദിവസങ്ങളിൽ കടകൾ അടച്ചിടണം. മീൻ കടകളിൽ പകുതി എണ്ണത്തിനു മാത്രം പ്രവർത്തിക്കാം. ഇപ്പോൾ മീൻ വിൽക്കുന്നവരിൽ അമ്പത് ശതമാനം പേർ മാത്രം വിൽപനയ്‌ക്ക് എത്തിയാൽ മതി. പലച്ചരക്ക് കടകളും മറ്റു കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം. മാംസവിൽപ്പന നടത്തുന്ന കടകൾ രാവിലെ 11 വരെ മാത്രമേ പ്രവർത്തിക്കാവൂ. കോഴിയിറച്ചി വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.

ആൾക്കൂട്ടം മാർക്കറ്റിൽ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പാളയം, ചാല മാർക്കറ്റുകളിൽ കവാടങ്ങളിൽ പരിശോധന. മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ ഹോം ഡെലിവറി ശക്തിപ്പെടുത്തണമെന്നും മേയർ പറഞ്ഞു.

അതേസമയം, തലസ്ഥാനത്ത് രാഷ്‌ട്രീയ പരിപാടികൾക്ക് അടക്കം നേരത്തെ തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനനഗരിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും പത്ത് പേരിലധികം പങ്കെടുക്കരുത്. സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണം. നഗരത്തിൽ ഓട്ടോ ഡ്രൈവറായ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.