കോവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളും ഐസിയുവും പരമാവധി വര്‍ധിപ്പിക്കാൻ നിർദേശം

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു

Delhi Nurse, GIPMER, Kerala Nurse

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനാണ് യോഗം ചേർന്നതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐസിയുകളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ആശുപത്രികളുടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ ഐസിയുകളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും. ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐസിയു രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തില്‍ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: ‘ലോക്ക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരട്ടെ’; വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാ തലത്തില്‍ ഡിഎംഒമാരും ആശുപത്രികളുടെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. മെഡിക്കല്‍ കോളേജുകളിലും മറ്റാശുപത്രികളിലും അവലോകനം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇടപെടല്‍ നടത്തണം. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടാതെ സമാന്തരമായി മുന്നൊരുക്കം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വര്‍ധിക്കുന്നില്ല. രണ്ടാം തരംഗം അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.

Read More: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് ഐസിഎംആർ പഠനം

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി വകുപ്പ് മേധാവികള്‍ അറിയിച്ചു. രോഗികളെ പരമാവധി കണ്ടെത്തുന്നതിന് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. പ്രഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഡിഎംഒമാര്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ജില്ലകളില്‍ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു.

“ആഗസ്റ്റ് മാസത്തില്‍ 33 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഓരോ ആശുപത്രികളും കിടക്കകള്‍, ഓക്‌സിജന്‍ ബെഡ്, ഐസിയു എന്നിവയുടെ എണ്ണം കൃത്യമായി അറിയിക്കേണ്ടതാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തും,” മന്ത്രി അറിയിച്ചു.

വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ പിഎസ്സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. അനധികൃത ലീവെടുത്തവര്‍ക്കെതിരെ മേല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 3rd wave kerala health minister meeting with hospital and medical college representetives

Next Story
സർക്കാരിന് എതിർപ്പ്; വിദേശ മദ്യത്തിന് വില കൂട്ടിയ തീരുമാനം മരവിപ്പിച്ചുbevco outlets, ബെവ്‌കോ ഔട്ട്‌ലെറ്റ്, bevco, ബെവ്‌കോ, Foreign Liquor, Liquor, Foreign Made liquor, liquor price in kerala, വിദേശ നിർമിത മദ്യം, വിദേശ മദ്യം, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com