പാലക്കാട്: സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. പനിയെ തുടര്‍ന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
രണ്ട് ദിവസം മുന്‍പ് പനിയെയും ഛര്‍ദിയെയും തുടര്‍ന്ന് കാര്‍ത്തിക്കിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ത്തികിനെ പ്രവേശിപ്പിച്ചു. ഇവിടെനിന്നും ഇന്ന് രാവിലെ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
കോയമ്പത്തൂരിലായിരുന്ന കാര്‍ത്തിക് ഏപ്രില്‍ 29നാണ് വീട്ടിലെത്തിയത്. വനത്തിലൂടെ നടന്നാണ് ഇയാള്‍ വീട്ടിലെത്തിയത്. ഊരിലെത്തിയ ശേഷം കാര്‍ത്തിക് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടുനിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു. കാര്‍ത്തികിനൊപ്പം ആറ് പേരും കോയമ്പത്തൂരിൽ നിന്ന് എത്തിയിരുന്നു. ഇവരും നിരീക്ഷണത്തിലാണ്.
Read More: പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ
കാര്‍ത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുടെ അച്ഛനുള്‍പ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കിയതായും വിവരമുണ്ട്. കാര്‍ത്തിക്കിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുള്ളതായാണ് വിവരം.
പാലക്കാട്ട് കോവിഡ് ബാധിച്ച് നിലവില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. ജില്ലയില്‍ 2,923 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45 പേര് ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെ 474 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര് വീടുകളിലും 310 പേര് ആശുപത്രികളിലുമാണ്. 131 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 35,171 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാംപിളുകള്‍ ശേഖരിച്ചതില്‍ 2337 സാംപിളുകള്‍ നെഗറ്റീവ് ആയി.
അതേസമയം സംസ്ഥാനത്ത് ഇന്നലേയും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായത്. മേയ് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്തത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.