തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാകും തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രോഗവ്യാപനം തടയേണ്ടതിന് ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതുണ്ട്. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തേക്ക് കടക്കുകയാണ്. ഉല്‍പ്പാദന മേഖലകളും സേവന മേഖലകളും നിശ്ചലമാക്കി സമൂഹത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല.

ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാമെന്ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആള്‍ക്കൂട്ടം ഒരു പരിപാടിക്കും പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്ന മുറയ്ക്ക് ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് എങ്ങനെ തുറക്കാമെന്ന് കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി.

Read Also: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേർക്ക്

നിലവിലെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അവര്‍ അംഗീകരിച്ചു. ആരാധനാലയത്തില്‍ എത്തുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്ന എല്ലാ നടപടികളും പരിഗണിക്കും. റിവേഴ്‌സ് ക്വറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിക്കുന്ന മുതിര്‍ന്നവരും മറ്റ് രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക നിയന്ത്രണം. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര നിര്‍ദേശത്തിന് ശേഷം മാത്രം.

ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്. ഇതോടൊപ്പം വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുന്നു. ഇത് വിശ്വാസികള്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കുന്നതായി സര്‍ക്കാര്‍ മനസിലാക്കുന്നു. എന്നാല്‍ സമൂഹത്തിന്റെ ആരോഗ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എല്ലാവരും അംഗീകരിച്ചു. മതനേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കൊട്ടിയൂര്‍ ഉത്സവം ചടങ്ങുകള്‍ മാത്രമായി നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.