കൊച്ചി: മെട്രോ നഗരത്തിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാകുമെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. നിലവിലെ സാഹചര്യത്തിൽ കൊച്ചിയിൽ അതീവ ജാഗ്രത വേണമെന്നും നിലവില്‍ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്ന് ഉറപ്പാക്കും. രോഗലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യപ്രവർത്തകരെ സമീപിക്കണമെന്നും ഇത് മറച്ച് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലയിൽ ഇന്നലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More: എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്‌വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ
കോവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടാൻ തീരുമാനിച്ചിരുന്നു. എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയുമടക്കമുള്ള മേഖലകളാണ് അടിച്ചത്. എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.
എറണാകുളം മാർക്കറ്റിൽ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള ഭാഗങ്ങൾ അടക്കാൻ കലക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ ഒരാഴ്ചത്തേക്കാണ് പ്രദേശം അടച്ചിട്ടിരിക്കുന്നത്. രോഗ വ്യാപന നിരക്ക് അനുസരിച്ച് തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് വിവരം. ബ്രോഡ് വേയോട് ചേർന്ന് സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രൽ മുതൽ കോൺവെന്റ് ജംങ്ഷൻ വരെയുള്ള സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
Read More: കൊച്ചി നഗരകേന്ദ്രം കോവിഡ് ഭീഷണിയിൽ; എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും കണ്ടൈന്‍മെന്റ് സോൺ
പച്ചക്കറി മാർക്കറ്റും, നഗരത്തിലെ പഴയതും തിരക്കേറിയതുമായ വ്യാപാര കേന്ദ്രം ബ്രോഡ് വേയിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഹോൾസെയിൽ ഷോറൂമുകളും അടച്ചു പൂട്ടി. മാര്‍ക്കറ്റ് റോഡ്, ബ്രോഡ്‌വേ, ജ്യൂ സ്ട്രീറ്റ്, ക്ലോത്ത് ബസാര്‍ റോഡ്, മര്‍ച്ചന്റ്‌സ് റോഡ്, മുസ്ലിം സ്ട്രീറ്റ്, പ്രസ് ക്ലബ് റോഡ് എന്നിവയെല്ലാം ഏഴ് ദിവസത്തേക്കാണ് അടച്ചിട്ടിരിക്കുന്നത്.