തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ മീൻവില്‍പ്പന സമയത്തെ തിരക്ക് കുറയ്ക്കാനായി പൊലീസ് വിഭാവനം ചെയ്ത മൂകക്കട വൈകും. മീൻപിടിത്ത തൊഴിലാളികളുടെയും കച്ചവടക്കാരുടെയും സഹകരണം ഉറപ്പാക്കാന്‍ കഴിയാതെ പോയതാണ് കാരണം. ഇന്നു മുതൽ പദ്ധതി നടപ്പാക്കാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.

മീന്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ സംസാരിക്കാതെ കച്ചവടം നടത്താനുള്ള പദ്ധതിയാണ് പൊലീസ് ആസൂത്രണം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍ കടലിൽനിന്ന് എത്തിക്കുന്ന മീന്‍ ലേലം വിളിയിലൂടെയും വില പേശലിലൂടെയുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇത് ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുവെന്നും കൂടുതല്‍ സമ്പര്‍ക്കത്തിന് ഇടയാകുന്നുവെന്നും വിഴിഞ്ഞം എസ്എച്ച്ഒ എസ് ബി പ്രവീണ്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“തിങ്കളാഴ്ച രാവിലെ കട ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തൊഴിലാളികളും മറ്റും എത്താത്തതിനെത്തുടര്‍ന്ന് ആരംഭിക്കാനായില്ല. പദ്ധതിയെക്കുറിച്ച് അവര്‍ക്ക് ആശങ്കകളുണ്ട്. അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു,” പ്രവീണ്‍ പറഞ്ഞു.

തങ്ങളുടെ മീനിന് മികച്ച വില ലഭിക്കില്ലെന്നത് ഉൾപ്പെടെയുള്ള ആശങ്കകള്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. അവ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനുശേഷം മൂകക്കട ആരംഭിക്കുമെന്നും പ്രവീണ്‍ പറഞ്ഞു.

“കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും മൂകക്കടയുടെ പ്രവര്‍ത്തനം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മീനിന് നിശ്ചയിക്കുന്ന വില ബോര്‍ഡിലെഴുതി പ്രദര്‍ശിപ്പിക്കും. വാങ്ങാനെത്തുന്നവര്‍ ഈ വില നല്‍കി മത്സ്യം വാങ്ങിപ്പോകണം. വില്‍ക്കുന്നവരും വാങ്ങുന്നവരും സംസാരിക്കാന്‍ പാടില്ല. ലേലം വിളിയും വിലപേശലും ഇല്ലാതാകുന്നതോടെ തിരക്കൊഴിവാക്കാന്‍ സാധിക്കും,” പ്രവീണ്‍ പറഞ്ഞു.

മീൻ വാങ്ങാനെത്തുന്നവര്‍ ചില്ലറയായി പണം കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണ് കട തുടങ്ങുന്നത്. വിഴിഞ്ഞം അടങ്ങുന്ന തീരദേശ മേഖല കണ്ടൈയ്ന്‍മെന്റ് സോണായി തുടരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് തീരുമാനം. നേരത്തെ ക്രിട്ടിക്കല്‍ കണ്ടൈയ്ന്‍മെന്റ് സോണായിരുന്നു.

മേഖലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മൂലവും ട്രോളിങ് നിരോധനവും കാലവര്‍ഷക്കെടുതികളും മൂലം മത്സ്യബന്ധന മേഖല മാസങ്ങളായി കാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇവയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് മീൻപിടിത്തം സജീവമായിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ വിഴിഞ്ഞത്തുവന്ന് മീൻ വാങ്ങി വിവിധ ചന്തകളില്‍ വില്‍ക്കുന്നുണ്ട്.

Read Also: മലേഷ്യയില്‍ പുതിയ ഇനം കൊറോണവൈറസിനെ കണ്ടെത്തി; സാംക്രമികശേഷി 10 മടങ്ങ് കൂടുതല്‍

അതേസമയം, മീനിന് തങ്ങള്‍ ഉദ്ദേശിക്കുന്ന വില ലഭിക്കില്ലെന്ന ആശങ്ക വിഴിഞ്ഞം കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ പങ്കുവച്ചു. “ലേലത്തിലൂടെ തൊഴിലാളികള്‍ക്ക് മികച്ച വില ലഭിക്കാനുള്ള അവസരമാണ് മൂകക്കടയിലൂടെ ഇല്ലാതാകുന്നത്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് മീന്‍ നല്‍കി പോകേണ്ടി വരും. ഇത് മാസങ്ങളായി ദുരിതത്തില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ദോഷകരമായിബാധിക്കും, ” അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനവും സൂപ്പര്‍ സ്‌പ്രെഡും ഉണ്ടായെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലമാണ് വിഴിഞ്ഞം. രണ്ടായിരത്തിലേറെ പേരെ പരിശോധിച്ചപ്പോള്‍ വിഴിഞ്ഞം വാര്‍ഡില്‍ നിന്നുമാത്രം 500-ല്‍ അധികം പേര്‍ക്ക് രോഗബാധ ഉണ്ടായി. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് രോഗമുക്തി നേടി തിരിച്ചെത്തിയെന്ന് പീറ്റര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.