കോഴിക്കോട്: ആത്മഹത്യ ചെയ്ത വയോധികന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്‍ക്വസ്റ്റ് നടത്തിയ സിഐ അടക്കമുള്ള പൊലീസുകാർ നിരീക്ഷണത്തിൽ. കോഴിക്കോട് നഗരത്തിനോട് ചേർന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരാണു നീരീക്ഷണത്തില്‍ പോയത്.
വീട്ടിനുള്ളിൽ തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മലില്‍ ചന്ദ്രനാ(68)ണു കോവിഡ് സ്ഥിരീകരിച്ചത്. പിടി ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രൻ 27-ന് ഉച്ചയ്ക്കാണു ജീവനൊടുക്കിയത്. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണു പോസിറ്റീവ് സ്ഥിരീകരിച്ച്. തുടർന്ന് സിഐ ഉൾപ്പെടെയുള്ള പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിർദേശിക്കുകയായിരുന്നു.
Read Also: പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ
ചന്ദ്രന് എവിടെനിന്നാണ് കോവിഡ് പിടിപെട്ടതെന്ന് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍ നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.
പൊലീസുകാർ നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ വെള്ളയിൽ പൊലീസ് സ്റ്റേഷന് അധികൃതർ ജാഗ്രതയിലാണ്. പൊതുജനങ്ങളെ അകത്തേക്ക് കയറ്റുന്നില്ല.