തിരുവനന്തപുരം: സംസ്ഥാനത്തേക്ക് പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധനകള്‍ വച്ചിട്ടില്ലെന്നും വേണ്ടെന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശ മന്ത്രാലയം ചോദിച്ച എല്ലാ ഫ്‌ളൈറ്റിനും അനുമതി നല്‍കി. വന്ദേഭാരതത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്‌ളൈറ്റുകള്‍ ഉണ്ടാകുമെന്ന് വിദേശ മന്ത്രാലയം പറഞ്ഞിരുന്നു.

സംസ്ഥാനം പൂര്‍ണ സമ്മതം അറിയിച്ചു. അതുപ്രകാരം 360 വിമാനങ്ങള്‍ ജൂണില്‍ വരണം. എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ പത്ത് വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് അര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 ഫ്‌ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ടെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. അതില്‍ കുറ്റപ്പെടുത്താനാകില്ല. രാജ്യമാകെ ബാധകമായ ഒരു ദൗത്യം ആയതു കൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്‌ളൈറ്റുകള്‍ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും.

Read Also: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക്; രോഗം ഭേദമായി 24 പേർ ആശുപത്രി വിട്ടു

കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞാല്‍ ഇനിയും ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ ഒരുക്കമാണ്. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചെയ്യേണ്ട ക്രമീകരണങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യും. വന്ദേഭാരത് മിഷനില്‍ ഇനിയെത്ര ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശ മന്ത്രാലയത്തോട് ചോദിച്ചിട്ടുണ്ട്. ഈ വിവരം കിട്ടിയാല്‍ അത്രയും ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വന്ദേഭാരത് പരിപാടിയില്‍പ്പെടാതെയുള്ള 40 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് വിദേശ മന്ത്രാലയത്തിന് കേരളം അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ജൂണ്‍ രണ്ട് വരെ 14 ഫ്‌ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തത്. അനുമതി നല്‍കിയതില്‍ 26 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കേരളം അനുമതി നല്‍കും. ഒരു ഫ്‌ളൈറ്റിനും സംസ്ഥാനം നോ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘നിങ്ങള്‍ ധാരാളം തന്നു, ഞങ്ങള്‍ക്കും തിരിച്ചു നല്‍കണം’ പ്രതിസന്ധിയില്‍ കേരളത്തെ മറക്കാതെ ഛത്തീസ്‌ഗഡ് തൊഴിലാളികള്‍

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു തടസ്സവും സംസ്ഥാനം പറഞ്ഞിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.

ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. രണ്ട്, സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ള വയോധികര്‍, കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറ്റു വ്യവസ്ഥളൊന്നും ഇല്ല. ഈ രണ്ടു നിബന്ധനകള്‍ തന്നെ, പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണ്.

അതിനിടെ, ചില സ്വകാര്യ വിമാന കമ്പനികള്‍ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ്.

സ്‌പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 ഫ്‌ളൈറ്റിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരുദിവസം പത്ത് എന്ന തോതില്‍ ഒരുമാസം കൊണ്ടാണ് ഇത്രയും ഫ്‌ളൈറ്റ് വരിക. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഇത് സ്‌പൈസ് ജെറ്റ് ഏര്‍പ്പെടുത്തിയ നിബന്ധനയാണ്. സ്‌പൈസ് ജെറ്റിനു അനുമതി നല്‍കിയ 300 ഫ്‌ളൈറ്റിന് പുറമെ അബുദാബി കെഎംസിസിക്ക് 40 ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനും അനുമതി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചില നിബന്ധനകള്‍ കൂടി പാലിച്ചു മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കാവൂവെന്ന് സംസ്ഥാനം തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.