തിരുവനന്തപുരം: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു ഇന്ന് തുടക്കമാവും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക. വാക്സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.

വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണു രാജ്യത്ത് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. 4,33,500 ഡോസ് വാക്സിനാണ് സംസ്ഥാനത്തെത്തിയത്. വിമാനമാര്‍ഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വാക്‌സിന്‍ ലോഡുകള്‍ എറണാകുളം, കോഴിക്കോട്, തിരുവന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലേക്കു മാറ്റിയശേഷമാണു വിവിധ ജില്ലകളിലേക്കു വിതരണം ചെയതത്. തിരുവനന്തപുരം- 64,020, കൊല്ലം- 25,960, പത്തനംതിട്ട- 21,030, ആലപ്പുഴ- 22,460, കോട്ടയം- 29,170, ഇടുക്കി- 9,240, എറണാകുളം- 73,000, തൃശൂര്‍- 37,640, പാലക്കാട്- 30,870, മലപ്പുറം- 28,890, കോഴിക്കോട്- 40,970, വയനാട്- 9,590, കണ്ണൂര്‍- 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് എത്തിച്ചത്.

Read More: Kerala Covid 19 Vaccination Centre List: വാക്സിനേഷന് ഒരുങ്ങി കേരളം; വിതരണകേന്ദ്രങ്ങളുടെ പൂർണ പട്ടിക

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഇങ്ങനെ

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയിറ്റിങ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ച് ഉദ്യോഗസ്ഥര്‍ഉണ്ടാകും. ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ വാക്‌സിനേഷനെടുക്കുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ് വെരിഫിഫൈ ചെയ്തശേഷമാണു വെയിറ്റിങ് റൂമിലേക്കു പ്രവേശിപ്പിക്കുക. പൊലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. വിഭാഗങ്ങളിലുള്ള ഈ സേവനം ചെയ്യുന്നത്.

രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോവിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. മൂന്നും നാലും ഉദ്യോഗസ്ഥര്‍ ക്രൗഡ് മാനേജ്മെന്റ്, ഒബ്സര്‍വേഷന്‍ മുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ നിര്‍വഹിക്കും. വാക്സിനേറ്റര്‍ ഓഫീസറാണ് വാക്സിനേഷന്‍ എടുക്കുന്നത്.

കോവീഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസാണ് ഓരോത്തരും എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. ഓരോ ആള്‍ക്കും 0.5 മില്ലി ലിറ്റര്‍ വാക്സിനാണ് കുത്തിവയ്പായി നല്‍കുന്നത്. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലു മുതല്‍ അഞ്ച് മിനിറ്റ് വരെ എടുക്കും. കയ്യിലെ ഡെല്‍റ്റോയിഡ് മസിലിലാണ് കുത്തിവയ്പ് നല്‍കുന്നത്.

ഇക്കാര്യങ്ങള്‍ അറിയിക്കണം

എന്തെങ്കിലും മരുന്നുകളോ വാക്സിനോ ഭക്ഷണമോ അലര്‍ജിയുണ്ടങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്നമോ ഉണ്ടെങ്കിലും കോവിഡ് 19 വാക്സിന്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്സിന്‍ എടുക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഗര്‍ഭിണിയാണെങ്കിലും ആകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മുലയൂട്ടുന്ന അമ്മയാണെങ്കിലും ആ വിവരവും അറിയിക്കണം. 18 വയസിന് താഴെയുളളവര്‍ക്കും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

Read More: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം

നേരത്തെ ഒരു ഡോസ് വാക്സിന്‍ ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായവരും മറ്റെന്തെങ്കിലും വാക്സിനോ മരുന്നോ അലര്‍ജിയുള്ളവരും കോവിഷീല്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും എത്രയും പെട്ടെന്ന് അവരുടെ നിര്‍ദേശ പ്രകാരം വാക്സിന്‍ സ്വീകരിക്കുകയും ചെയ്യണം. വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കുകയും വാക്സിന്‍ ലഭിച്ച വിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്കരണം നല്‍കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാണ്.

പത്തിലൊരാള്‍ക്ക് കുത്തിവയ്പ്് എടുത്ത സ്ഥലത്ത് ആര്‍ദ്രത, വേദന, ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം അല്ലെങ്കില്‍ ചതവ്, ക്ഷീണം  അസുഖം ഉള്ളതുപോലുള്ള തോന്നല്‍ തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും 100 പേരില്‍ ഒരാള്‍ക്ക് തലവേദന, സന്ധിവേദന, ഛര്‍ദ്ദിക്കാന്‍ തോന്നുക, പനി, ജലദോഷം, ചുമ, തണുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും കാണാറുണ്ട്. തലകറക്കം, വിശപ്പിലായ്മ, വയറുവേദന, അമിത വിയര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വളരെ വിരളമായി കണ്ടുവരുന്നു.

വാക്സിന്‍ എടുത്ത ശേഷം കടുത്ത അലര്‍ജി അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോവുകയോ ചെയ്യണം.

കുത്തിവയ്പ് എവിടെനിന്ന്

രജിസ്റ്റര്‍ ചെയ്ത ആള്‍ എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന കാര്യം എസ്.എം.എസായി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്സിന്‍ നല്‍കുക.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് ശ്രമം. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ഉടന്‍ ലഭിക്കുന്ന വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും തുടര്‍ വിതരണം.

രണ്ടാം ഘട്ട വാക്‌സിനേഷന്‍: വിവരശേഖരണം ഇന്നു മുതല്‍

അടുത്ത മാസം നടക്കുന്ന രണ്ടാം ഘട്ട വാക്‌സിനേഷനായുള്ള വിവരശേഖരണം ഇന്നാരംഭിക്കും. 20നുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും.
അതതു ജില്ലകളിലെ ഹുസൂര്‍ ശിരസ്തദാര്‍മാരാണ് റവന്യൂ വകുപ്പിന്റെ വിവരശേഖരണത്തിന്റെ നോഡല്‍ ഓഫീസര്‍. ഹുസൂര്‍ ശിരസ്തദാര്‍മാര്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പിലെ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍മാര്‍ക്ക് മെയില്‍ ചെയ്യും.

രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്നിരയില്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലുള്ളവര്‍ക്കാണു വാക്‌സിന്‍ നല്‍കുക. കോവിഡ് ബാധിതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് മുന്‍നിര പോരാളികളായി പരിഗണിക്കുന്നത്.

ജീവനക്കാര്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.വിവര കൈമാറ്റത്തിനായി മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. പേര്, തിരിച്ചറിയല്‍ രേഖ, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ആദ്യം നല്‍കണം. തുടര്‍ന്ന് ജോലി ചെയ്യുന്ന വകുപ്പും നിലവില്‍ ജോലി ചെയ്യുന്ന ഓഫീസിന്റെ മേല്‍വിലാസവും രേഖപ്പെടുത്തും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പിന്‍കോഡിന്റെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിനേഷന്‍ സെന്റര്‍ ലഭിക്കുക.

മൂന്നാം ഘട്ടത്തിനു 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 50 വയസിനു താഴെയുള്ള മരണകാരണമാകാവുന്ന രോഗമുള്ളവര്‍ക്കും
വാക്‌സിന്‍ നല്‍കും. പൊതുജനങ്ങള്‍ക്കു വാക്‌സിന്‍ ലഭിക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.