കൊച്ചി: നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെഎം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു. ക്വാറന്റൈനെ സംബന്ധിച്ച് സർക്കാരാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. നടപടികൾ ഭരണനിർവഹണ വിഭാഗത്തിന്റെ അധികാര പരിധിയിൽ വരുന്നതാണ്. പ്രവാസികളുടെ ഉത്തമ താൽപ്പര്യത്തിന് എന്താണ് വേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് അമിത ആശങ്ക വേണ്ടെന്നും സർക്കാർ നടപടികൾക്കായി കാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Read More: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടികളിലും ഇടപെടാനാവില്ലന്നും കോടതി വ്യക്തമാക്കി. കേന്ദ്രം രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടും സർക്കാർ ഏഴ് ദിവസം മാത്രമാണ് നിർദേശിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ പരാതി. പ്രവാസികൾക്ക് സർക്കാർ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ടന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷ്ണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ അറിയിച്ചു.

കോവിഡ് പരിശോധനയിൽ രോഗമില്ലാത്തവരെ മാത്രമാണ് കൊണ്ടുവരുന്നതെന്നും കേന്ദ്ര മാർഗനിർദേശത്തിൽ വിദേശത്തെ പരിശോധന നിർദേശിക്കുന്നില്ലന്നും സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേരളം ഏഴ് ദിവസത്തെ സർക്കാർ ക്വാറന്റയിൻ നിർദേശിച്ചിട്ടുള്ളത്. ഗർഭിണികളേയും 10 വയസിൽ താഴെയുള്ള കുട്ടികളേയും 75 വയസിനു മുകളിൽ പ്രായമുള്ളവരേയും ക്വാറന്റൈയിനിലാക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടന്നും സർക്കാർ അറിയിച്ചു.

കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിൽ സംസ്ഥാനം വ്യക്തത തേടിയിട്ടുണ്ടന്നും ആവശ്യമായ ഭേദഗതികൾ കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ നടപടികൾക്ക് മതിയായ കാരണങ്ങൾ ഉണ്ടന്നും സംസ്ഥാനം വ്യക്തമാക്കി. കേന്ദ്ര മാർഗനിർദേശം പാലിക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണന്നും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേയും വിദഗ്ധ സമിതിയുടേയും പരിഗണനയിലാണന്നും കേന്ദ്രം അറിയിച്ചു. ഹർജികൾ 12 ന് പരിഗണിക്കാനായി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.