scorecardresearch

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ആയി

ഹോസ്പിറ്റൽ ഹോം ഐസൊലേഷനിൽ ഉള്ളവർ കൃത്യമായി നിർദേശങ്ങൾ പാലിക്കണമെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശനമായ നിയമ നടപടികൾ എടുക്കും

corona virus, covid 19, ie malayalam
ഫൊട്ടോ : അരുള്‍ ഹൊറൈസണ്‍

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്നു പുതുതായി 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 149 പേർ ആശുപത്രിയിലും 967 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയിലുളള 12 പേരിൽ നാലുപേർ ഇറ്റലിയിൽനിന്നും എത്തിയവരാണ്. 8 പേർ അവരുമായി സമ്പർക്കം പുലർത്തിയവരാണ്. 807 സാംപിളുകൾ പരിശോധയ്ക്ക് അയച്ചു. ഇതിൽ 717 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ബാക്കിയുളളവ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നു മുതൽ 7 വരെയുളള ക്ലാസുകൾ മാർച്ച് മാസം അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

മതപരമായ ചടങ്ങുകളും ക്ഷോത്രോത്സവങ്ങളും പളളി പരിപാടികളും ചടങ്ങ് മാത്രമാക്കണം. ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തും. എന്നാൽ ദര്‍ശനം ഒഴിവാക്കും. വിവാഹങ്ങളും സിനിമാ ശാലകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പൊതുജനങ്ങളും സഹകരിക്കണം. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തുപോയ വ്യക്തിക്കെതിരേ പബ്ലിക്ക് ഹെല്‍ത്ത് ആക്ട് പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ഒരു കാരണവശാലും പുറത്ത് ഇറങ്ങരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇവര്‍ വീടുകളിലും ആശുപത്രികളിലും കഴിയണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 two new cases in pathanamthitta