Latest News

കേരളം പല വെല്ലുവിളികളും അതിജീവിച്ചു, കോവിഡ്-19 നെ മറികടക്കാനുള്ള ശേഷിയും കേരളത്തിനുണ്ട്: മുഖ്യമന്ത്രി

കേരളത്തിൽ ഇപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായി

pinarayi vijayan, ie malayalam

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പ്രവാസികളുടെ മടങ്ങിവരവും സംബന്ധിച്ച പൊതുജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ ഇന്ത്യയുടെ “ആസ്‌ക്‌ ദ സിഎം’ എന്ന പരിപാടിയുടെ ഭാഗമായാണ്‌ മുഖ്യമന്ത്രി തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുത്തത്. #AskPinarayiVijayan എന്ന ഹാഷ്‌ടാഗിൽ നിരവധി പേരാണ് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചത്.

കോവിഡിനെ തുടർന്ന് പ്രവാസികളായ നിരവധി പേർ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇവരിൽ പലർക്കും ജോലി നഷ്ടമായേക്കാം. ഇവർക്കുളള പുനരധിവാസത്തെക്കുറിച്ചാണ് കൂടുതൽ പേരും മുഖ്യമന്ത്രിയോട് ചോദിച്ചത്. ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും തുടങ്ങുമ്പോൾ കേരളത്തിൽ രോഗവ്യാപനം പടരുമോയെന്ന ആശങ്കയെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി നൽകി.

ജോലി നഷ്ടപ്പെട്ട് പ്രവാസികൾ മടങ്ങിയെത്തുമ്പോഴുളള സാഹചര്യം നേരിടുന്നതെങ്ങനെ?

മുഖ്യമന്ത്രി: കോവിഡിനു മുൻപുളള അവസ്ഥയല്ല കോവിഡിനുശേഷം. രാജ്യത്തിനകത്തും ലോകത്തും ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിൽനിന്നുളള ലക്ഷക്കണക്കിനു പേർ രാജ്യത്തിന് പുറത്തുണ്ട്. ഇവരിൽ ചിലർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. അവരൊക്കെ നാട്ടിലേക്ക് തിരിച്ചുവരാം. തിരിച്ചുവരുന്നവർ പല കാര്യങ്ങളിലും വിദഗ്ധരാണ്. ആ സാധ്യത കണക്കിലെടുത്ത് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യും. ലോകത്തിനു മുന്നിൽ ഇപ്പോൾ കേരളത്തിനൊരു സ്ഥാനമുണ്ട്. ഏറ്റവും സുരക്ഷിതമായ മണ്ണാണെന്ന് ആരും പറയും. ഈ സാഹചര്യത്തിൽ കേരളത്തിന്റെ സാഹചര്യത്തിന് ചേരുന്ന വ്യവസായങ്ങൾക്ക് അവസരം ഒരുക്കും. കേരളത്തിലേക്ക് പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അതിനുവേണ്ടി ഒരു ടീം പ്രവർത്തിക്കുന്നുണ്ട്. നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങുമ്പോൾ കേരളം സ്വീകരിക്കുന്ന നടപടികൾ?

മുഖ്യമന്ത്രി: കേരളത്തിലേക്ക് ആരും വരേണ്ടതില്ലെന്ന സമീപനം സർക്കാരിനില്ല. ബിസിനസ് പോലുളള താൽക്കാലിക ആവശ്യത്തിന് വരുന്നവർ അതിന്റേതായ പ്രോട്ടോക്കോൾ പാലിക്കണം. അത് കഴിയുമ്പോൾ അവർക്ക് പോകാം. അതേസമയം, കേരളത്തിൽ താമസിക്കാൻ വരുന്നവർ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. ഏതൊരാളും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അസുഖം വരുമ്പോൾ അമ്മയുടെ അടുത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന പോലെയാണിത്. അങ്ങനെ വരുന്നവർ ഇവിടെ വരേണ്ടെന്ന നിലപാട് എടുക്കാനാവില്ല. രോഗം പകരുന്നത് സമ്പർക്കത്തിലൂടെയാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാൽ അത് ഒഴിവാക്കാനാവും. അതിൽ നമുക്ക് വിജയം നേടാനായിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാൻ കഴിഞ്ഞാൽ ആശങ്കപ്പെടേണ്ടതില്ല.

Read Also: മദ്യശാലകൾ തുറക്കാൻ വൈകുന്നത് ആപ്പിന് ഗൂഗിളിന്റെ അനുമതി കിട്ടാത്തതിനാലെന്ന് എക്സൈസ് മന്ത്രി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുളള മുന്നൊരുക്കങ്ങൾ എങ്ങനെ?

മുഖ്യമന്ത്രി: സംസ്ഥാനത്തിനു പുറത്തുനിന്നുളള വിദ്യാർഥികളുടെ കാര്യത്തിലാണ് ആശങ്ക. അവർക്ക് ഇവിടെ പരീക്ഷ എഴുതാം. പക്ഷേ പരീക്ഷയ്ക്കുശേഷം അവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. അതിനുളള താമസ സൗകര്യം ഇല്ലെങ്കിൽ സർക്കാർ ഒരുക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ കുട്ടികളെ പ്രത്യേകമായിട്ടായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക. നിരീക്ഷണത്തിൽ കഴിയുന്നയാളുള്ള വീട്ടിൽ നിന്നുള്ള കുട്ടിയെ പ്രത്യേകമായി ഇരുത്തും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടി ആദ്യം കുളിച്ച് വൃത്തിയായ ശേഷമേ വീട്ടിലുള്ളവരോട് ബന്ധപ്പെടാൻ പാടുളളൂ.

കേരളത്തിൽ ഇപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായി. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. ഇതിനും വളരെ മുൻപ് തന്നെ കേരളം എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നു. മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. മൂന്ന് വർഷത്തിനുള്ളിൽ കേരളം പല വെല്ലുവിളികളും അതിജീവിച്ചു. ഓഖി, നിപ്പ, രണ്ട് പ്രളയം എന്നിവയാണിവ. കോവിഡ്-19 നെ മറികടക്കാനുള്ള ശേഷിയും കേരളത്തിനുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം ആർക്കും പ്രവചിക്കാനാവില്ല. വികസിത രാഷ്ട്രങ്ങൾ സ്തംഭിച്ച് നിൽക്കുകയാണ്. കേരളത്തിന് ഇതുവരെ പിടിച്ചുനിൽക്കാനായത് ജനങ്ങളുടെ പങ്കാളിത്തം കൊണ്ടാണ്. കേരളത്തിന്റെ ഒരുമയാണ് ഏറ്റവും വലിയ ശക്തി. ആ ഒരുമയോടെ മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 twitter pinarayi vijayan ask the cm live updates

Next Story
മദ്യശാലകൾ തുറക്കാൻ വൈകുന്നത് ആപ്പിന് ഗൂഗിളിന്റെ അനുമതി കിട്ടാത്തതിനാലെന്ന് എക്സൈസ് മന്ത്രിtp ramakrishnan, excise minister
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express