തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. മാളുകൾ അടച്ചിടും. ബീച്ചുകളിൽ സന്ദർശകരെ വിലക്കും. ഉത്സവങ്ങളും ആഘോഷങ്ങളും നിർത്തിവയ്ക്കണം. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണമുളളവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും കലക്ടർ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ, ജിം എന്നിവ അടയ്ക്കാനും നിർദേശം നൽകി.

കോവിഡ്-19 ബാധിച്ച രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഇയാൾ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങൾ കിട്ടിയിട്ടില്ല. ഇയാൾ ഉത്സവത്തിന് പോയത് അന്വേഷിക്കും. വീടുകളിൽ നിരീക്ഷണത്തിലുളളവർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും കലക്ടർ വ്യക്തമാക്കി.

Covid 19 Live Updates: തിരുവനന്തപുരത്ത് അതീവ ജാഗ്രത; മാളുകളും ബീച്ചുകളും അടയ്ക്കുന്നു

ഇറ്റാലിയൻ പൗരന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും കലക്ടർ പറഞ്ഞു. ഇയൾക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയൻ ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വർക്കലയിൽ ഇയാൾ എവിടെയൊക്കെ പോയി എന്നതിനെക്കുറിച്ചുളള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. വർക്കലയിൽ ജാഗ്രത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ 249 പേരാണ് നിരീക്ഷണത്തിലുളളത്. 231 പേർ വീടുകളിലും 18 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പേരുടെ പരിശോധന ഫലം ഇനി വരാനുണ്ടെന്നും കലക്ടർ പറഞ്ഞു.

തലസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇവർ യുകെയിൽ നിന്നും ഇറ്റലിയില്‍നിന്നും എത്തിയവരാണ്.

അതേസമയം തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കളക്ടർ പറഞ്ഞതായ വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.