തിരുവനന്തപുരം: രോഗ ലക്ഷണം ഇല്ലാത്ത കോവിഡ്-19 രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധത്തില്‍ കൊട്ടിഘോഷിച്ച കേരള മാതൃക തകര്‍ന്നുവെന്നും ജനങ്ങള്‍ സ്വയം ചികിത്സിക്കുന്ന അവസ്ഥയില്‍ സംസ്ഥാനം എത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോവിഡ് രോഗികളുടെ സംരക്ഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണെന്നും സര്‍ക്കാരിന് പിന്നെ എന്ത് പങ്കാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

Read Also: കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത വീട്ടിനുള്ളില്‍ നിന്നെന്ന് പഠനം

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉത്തരവില്‍ വീട്ടില്‍ ആര് ചികിത്സിക്കുമെന്നും എങ്ങനെ ചികിത്സ ഉറപ്പാക്കുമെന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറവാണെന്നും കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചികിത്സ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് മാനദണ്ഡങ്ങള്‍ പുതുക്കി.

ഇതിനായി ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം വരുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കിയാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാം.

വീട്ടില്‍ ശുചിമുറിയുള്ള മുറികള്‍ വേണം, മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്, ആരോഗ്യ സ്ഥിതി സ്വയം വിലയിരുത്തണം, രോഗ ലക്ഷണങ്ങള്‍ വന്നാല്‍ ആശുപത്രിയില്‍ പോകണം, പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തണം, പരിശോധന നെഗറ്റീവ് ആയാല്‍ ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരുകയും വേണം.

വീട്ടിലെ ചികിത്സ: നിരീക്ഷണത്തിന്
ത്രിതല സംവിധാനമെന്ന് മുഖ്യമന്ത്രി

ത്രിതല നിരീക്ഷണ സംവിധാനമാണ് വീട്ടിലെ ചികിത്സയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെലഫോണിലൂടെ വിവരങ്ങള്‍ ആരായും, സ്വയം നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം, ഫിങ്കര്‍ പള്‍സ് ഓക്‌സിമെട്രി റെക്കോര്‍ഡ് എന്നിങ്ങെയാണ് ത്രിതല സംവിധാനം. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരിലാണ് നടപ്പിലാക്കുന്നത്.

വീടുകളില്‍ ചികിത്സിക്കുന്നത് രാജ്യത്ത് നേരത്തെ നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്ത് വിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചകളില്‍ ഈ രീതി നടപ്പിലാക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

:ചെറിയ രോഗലക്ഷണമുള്ളവരെ ഹോം കെയര്‍ ഐസോലേഷനില്‍ ആക്കാമെന്ന് ജൂലൈ രണ്ടിന് ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.” കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 506 പേർക്ക്; 794 പേർക്ക് രോഗമുക്തി

വീടുകളില്‍ സൗകര്യം ഉണ്ടെങ്കില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാമെന്നും വേണ്ട പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ രീതി നേരത്തെ ക്വാറന്റൈനില്‍ നടപ്പിലാക്കിയതാണെന്നും ഇപ്പോള്‍ രോഗികളുടെ കാര്യത്തില്‍ നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈനില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ വീട്ടിലെ ചികിത്സയിലും ശക്തമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ ഒരാള്‍ മാത്രമേ ചികിത്സയില്‍ കഴിയുന്നയാളുമായി ബന്ധപ്പെടാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അവര്‍ക്ക് വലിയ ചികിത്സ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരിലേക്ക് ഇവരില്‍ നിന്നും രോഗം പടരാതിരിക്കാന്‍ ആണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്ന് കരുതി പ്രത്യേക പ്രശ്‌നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുതെന്നും ഐസോലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.