തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കാണിക്ക ശേഖരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

“ക്ഷേത്രങ്ങളുടെ ഏകവരുമാനം വഴിപാടുകളില്‍ നിന്നും ലഭിക്കുന്നതാണ്. ക്ഷേത്രങ്ങളില്‍ വരുമാനം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും അതിനാലാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. 27 ക്ഷേത്രങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയത്,” ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍, വഴിപാടുകള്‍ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അര്‍പ്പിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഈ സൗകര്യങ്ങളുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിലവില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാത്തതാണെങ്കിലും ആചാര പ്രകാരമുള്ള പൂജ ചടങ്ങുകള്‍ തടസ്സം കൂടാതെ നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന പൂജകളും വഴിപാടുകളും നിലച്ചിരുന്നു. അത് പുനരാരംഭിക്കുന്നതിനാണ് ശ്രമം.

Read Also: Explained: എന്തുകൊണ്ട് കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട് ഉത്കണ്ഠയുടെ പുതിയ കാരണമാകുന്നു?

www.onlinetdb.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമുള്ളത്.
ഈ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍, വഴിപാടുകള്‍ എന്നിവ ഭക്തര്‍ക്ക് ബുക്ക് ചെയ്ത് നടത്തിക്കാനുള്ള സൗകര്യം ബോര്‍ഡ് ഏര്‍പ്പെടുത്തിയത്.

“ഭക്തര്‍ ക്ഷേത്രങ്ങളില്‍ വന്ന് നടത്തുന്ന വഴിപാടുകള്‍ക്കും അര്‍പ്പിക്കുന്ന കാണിക്കകളും ഓണ്‍ലൈന്‍ വഴി നടത്തുന്നതിന് താല്‍പര്യം ഉള്ളവര്‍ ഉണ്ടാകും. എങ്കിലും കൂടുതല്‍ പേരെ അതിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളിലൊക്കെ അമ്പലത്തില്‍ ചെന്ന് വഴിപാടര്‍പ്പിക്കുന്നതാണ് ഭക്തരുടെ മനസ്സിലുള്ളത്. ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ അവരുടെ സാന്നിദ്ധ്യം അമ്പലത്തില്‍ ഉണ്ടാകില്ല. അതുകൊണ്ട് മടിക്കുന്നവര്‍ ഉണ്ടാകും. ഇതുസംബന്ധിച്ച അവരുടെ മനോഭാവം മാറുകയും വേണം. ഓണ്‍ലൈന്‍ വഴി വഴിപാട് നടത്തുന്നതും കാണിക്കയിടുന്നതും പോപ്പുലറൈസ് ചെയ്തു വരണം. പിറന്നാളിനോ മറ്റ് വിശേഷ ദിവസത്തിലോ സ്ഥലത്തില്ലെങ്കില്‍ വഴിപാട് നടത്താന്‍ ഇപ്പോള്‍ സൗകര്യമായി,” വാസു പറഞ്ഞു.

ശബരിമല കൂടാതെ മേജര്‍ ക്ഷേത്രങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജര്‍ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി ഭക്തര്‍ക്ക് വഴിപാടുകള്‍ ബുക്ക് ചെയ്യാം. ശബരിമലയിലേക്കുള്ള അന്നദാന സംഭാവനകള്‍ക്ക് ഭക്തര്‍ക്ക് ആദായ നികുതി ഇളവും ലഭ്യമാകും.

ശബരിമലയില്‍ കഴിഞ്ഞ നാലു ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം രൂപയുടെ കാണിക്കയും വഴിപാടും ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. “ഈ മാസം ക്ഷേത്ര ജീവനക്കാര്‍ക്ക് നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ശമ്പളം കൊടുത്തു. അടുത്ത മാസം മുതല്‍ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് കൊടുക്കും,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.