തിരുവനന്തപുരം: കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്‍പ് ഡെസ്‌ക്കുകള്‍ക്കായി കേരള ടൂറിസം വകുപ്പ് 11 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ 5000-ല്‍ അധികം വിദേശികള്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കൊറോണ-19 സെല്‍ അറിയിച്ചു. വിദേശത്തുനിന്നും എത്തുന്നവരിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നതിനാല്‍ വിദേശികള്‍ കേരളത്തില്‍ ബഹിഷ്‌കരണം നേരിട്ടു വരികയായിരുന്നു.

ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വിനോദസഞ്ചാരികളുടെ സംസ്ഥാനത്തെ ദിനങ്ങള്‍ പ്രശ്‌നരഹിതമാക്കുക, അവശ്യഘട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, കോവിഡ്-19 മായി ബന്ധപ്പെട്ട നിരീക്ഷണകാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവ ശ്രദ്ധിക്കുകയും വേണം.

മുന്‍കൂട്ടി താമസസൗകര്യം ബുക്ക് ചെയ്യാത്ത എല്ലാ സഞ്ചാരികള്‍ക്കും ടൂറിസം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ സഹായം നല്‍കണം. സ്വകാര്യമേഖലയില്‍ താമസ സൗകര്യം ലഭ്യമല്ലെങ്കില്‍ ഇക്കാര്യം കേരള ടൂറിസം ഡെവലപ്മന്റ് കോര്‍പറേഷന്റെ (കെടിഡിസി) എംഡിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇതു വഴി ഏറ്റവുമടുത്തുള്ള കെഡിടിസി ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും.

കോറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഞ്ചാരികളുടെ ക്ഷേമത്തിനായി ആരോഗ്യവകുപ്പ് നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം പടരുന്നത് തടയാനായി സര്‍ക്കാരെടുത്ത നടപടികള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

Read Also: കൊറോണ: പ്രമേഹ രോഗികൾ എടുക്കേണ്ട മുൻകരുതലുകൾ

സംസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം എല്ലാ വിധ പിന്തുണയും സഹായങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. ടൂറിസം വ്യവസായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ച് ജില്ലാ ടൂറിസം ജീവനക്കാരുമായി ചേര്‍ന്ന് പ്രതിസന്ധി കൈകാര്യം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണാണ് ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഭക്ഷണം, വെള്ളം, പ്രാദേശിക ഗതാഗത സൗകര്യം, എന്നിവയില്‍ അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അത് എത്തിക്കണം. ഇതിനാവശ്യമായ വരുന്ന ചെലവുകള്‍ പിന്നീട് മടക്കി നല്‍കുമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.

രോഗലക്ഷണങ്ങളെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികളുടെ വിസ കാലാവധി അവസാനിക്കുന്ന പക്ഷം ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. രോഗലക്ഷണങ്ങളില്ലാത്ത സഞ്ചാരികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ആരോഗ്യവകുപ്പിന്റെ വൈദ്യപരിശോധനാ സെല്ലിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 17 ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണിത്.

ഇതൊടൊപ്പം ആരോഗ്യവകുപ്പ് മാര്‍ച്ച് 13 ന് പുറത്തിറക്കിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രചരിപ്പിക്കുകയും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഹെല്‍പ് ഡെസ്‌കുകള്‍ ഉറപ്പ് വരുത്തുകയും വേണം.

Read Also: കോവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നിരീക്ഷണത്തിൽ

എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി എല്ലാ ജില്ലാതല ഹെല്‍പ് ഡെസ്‌കുകളും സംസ്ഥാന ഹെല്‍പ് ഡെസ്‌കുകള്‍ക്ക് ദൈനംദിന റിപ്പോര്‍ട്ട് ഇമെയില്‍ (helpdesk@keralatourism.org) ചെയ്യണം.

ഈ രംഗത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായും അതീവ ശ്രദ്ധയോടും കൂടെ ഹെല്‍പ് ഡെസ്‌കുകള്‍ നിരീക്ഷിക്കണം. ടൂറിസം വ്യവസായ സംഘടനകള്‍ രൂപീകരിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സമിതികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും വേണം.

സംസ്ഥാന തല ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ 9995454696, 9447363538 എന്നിവയില്‍ ജില്ലാതല ഹെല്‍പ് ഡെസ്‌കുകള്‍ ബന്ധപ്പെടേണ്ടതാണ്.

സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാനുള്ള പ്രഖ്യാപനം ടൂറിസം വകുപ്പ് ചൊവ്വാഴ്ചയാണ് നടത്തിയത്. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ സജീവ് കെ ആര്‍-9995454696, രമേഷ് ടി പി-9447363538 എന്നിവര്‍ വഴി ടൂറിസം ഡയറക്ടറേറ്റിലെ പ്രധാന ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.