തൃശൂർ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി തൃശൂർ ജില്ല. നഗരത്തിലെ പച്ചക്കറി-മീൻ മാർക്കറ്റുകൾ അടച്ചു. ഇന്നും നാളെയും മാർക്കറ്റുകൾ തുറന്നുപ്രവർത്തിക്കില്ല. പ്രതിരോധ നടപടികളുടെ ഭാഗമായി മാർക്കറ്റുകളിൽ അണുനശീകരണം നടത്തും. അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തൃശൂർ കോർപ്പറേഷൻ കണ്ടെയ്‌ൻമെന്റ് സോണിലാണ്. നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ പൊലീസ് ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്.

Read Also: ദമ്പതികൾ ചമഞ്ഞ് ക്വാറന്റൈൻ കേന്ദ്രത്തിൽ; ഒടുവിൽ യുവാവിനെ തേടി യഥാർഥ ഭാര്യയെത്തി

കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു

ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യകേന്ദ്രം വീണ്ടും തുറന്നു. ജീവനക്കാർ ഉൾപ്പെടെ 47 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ആരോഗ്യകേന്ദ്രം വീണ്ടും തുറന്നത്. വടക്കേക്കാട്, അടാട്ട് ,തൃക്കൂർ പഞ്ചായത്തുകളെ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിലെ സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു.

Read Also: കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ രോഗബാധിതർ; ഡൽഹി ആരോഗ്യമന്ത്രി ആശുപത്രിയിൽ

ജില്ലയിലെ രോഗബാധിതരുടെ എണ്ണം

ജില്ലയിൽ ഇപ്പോൾ 146 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് തൃശൂരിൽ വലിയ വെല്ലുവിളിയായിരിക്കുന്നത്. ജില്ലയിലെ കോവിഡ് ബാധിതരിൽ 24 പേർ ആരോഗ്യപ്രവർത്തകരാണ്. ആരോഗ്യപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

നിലവിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ

അളഗപ്പനഗർ പഞ്ചായത്തിലെ മൂന്നും നാലും വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ 12-ാം വാർഡ്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്, ചാവക്കാട് നഗരസഭ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41-ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം, അവണൂർ, ചേർപ്പ് ഗ്രാമപഞ്ചായത്തുകൾ, ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook