തൃശൂർ: ഒരു സമയത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറവുണ്ടായിരുന്ന ജില്ല ഇപ്പോൾ വലിയ ആശങ്കയിലാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിക്കുമ്പോൾ സാമൂഹ്യവ്യാപനഭീതിയിലാണ് ജില്ല. നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ജില്ലയിലെ നിരത്തുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതിവിശേഷം മാറി. നിരത്തുകളെല്ലാം ഒഴിഞ്ഞുതുടങ്ങി. ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങളിലേക്കാണ് ജില്ല പോയിക്കൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ, അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കെെവിട്ടുപോകുമെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ചാവക്കാട് നഗരസഭ പൂർണമായും കണ്ടെയ്‌ൻമെന്റ് സോണിലാണ്. സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ് ചാവക്കാട് നഗരസഭയിൽ ഭീഷണിയായുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി കണ്ടെയ്‌ൻമെന്റ് സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.
Read Also: സമ്പർക്ക വ്യാപനത്തിന്റെ ഭീതിയിൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍
ഗുരുതര സ്ഥിതിയിലേക്ക് കടന്നിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പുലർത്തണമെന്നും ഗുരുവായൂർ എംഎൽഎ കെ.വി.അബ്‌ദുൾഖാദർ പറഞ്ഞു. എംഎൽഎ ഇപ്പോൾ സെൽഫ് ക്വാറന്റെെനിലാണ്. നിർധനരായ വിദ്യാർഥികൾക്ക് ടിവി നൽകുന്ന ഡിവെെഎഫ്‌ഐയുടെ പരിപാടിയിൽ എംഎൽഎ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യപ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലാം ക്വാറന്റെെനിൽ പോകേണ്ടിവന്നു. ആരോഗ്യപ്രവർത്തകനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിനാൽ എംഎൽഎയും സെൽഫ് ക്വാറന്റെെനിൽ പ്രവേശിക്കുകയായിരുന്നു.
ഇന്നലെ മുതൽ ഗുരുവായൂരും ചാവക്കാടും നിയന്ത്രണം കർശനമാക്കി. 14 ദിവസത്തേക്ക് നിയന്ത്രണം തുടരും. പൊതുഗതാഗതം പൂർണമായും നിർത്തലാക്കി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. നിരത്തുകളിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്. പൊതുവേ നല്ല തിരക്കുള്ള റൂട്ടാണ് ചാവക്കാട്-ഗുരുവായൂർ. കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നേരത്തെ ലോക്ക്‌ഡൗൺ സമയത്തുണ്ടായിരുന്നതിനു സമാനമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. ആരോഗ്യവകുപ്പ് ജാഗ്രതയോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതായി അബ്‌ദുൾഖാദർ എംഎൽഎ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ നേരത്തെ ബുക്ക് ചെയ്‌ത വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്താനാണ് തീരുമാനം. പൊതുവെ ഭക്‌തർക്കുള്ള ദർശനം അനുവദിക്കില്ല. വിവാഹങ്ങൾ നേരത്തെ ബുക്ക് ചെയ്‌തതായതിനാൽ അവ ഒഴിവാക്കാൻ പറ്റില്ലെന്നാണ് എംഎൽഎ പറഞ്ഞത്.
Read Also: രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവില്ല; തൃശൂർ സമ്പൂർണമായി അടച്ചിടില്ലെന്ന് മന്ത്രി
ഇന്നലെ മുതൽ കടകൾക്ക് പ്രവർത്തിക്കാൻ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ 11 വരെയാണ് കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ സാധിക്കുക. അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ വെെകീട്ട് അഞ്ച് വരെ തുറക്കാമെന്നും എംഎൽഎ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി എത്തിയ പലരും ക്വാറന്റെെൻ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി വിവരം ലഭിച്ചതായി എംഎൽഎ പറയുന്നു. വാളയാർ ചെക്ക്‌പോസ്റ്റ് വഴിയല്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പലരും എത്തിയിട്ടുണ്ടെന്നും ഇത് ആശങ്ക വർധിപ്പിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.
തൃശൂർ നഗരത്തിലും സ്ഥിതി ഗുരുതരമാണ്. തൃശൂർ കോർപ്പറേഷൻ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്ന് മന്ത്രിയും തൃശൂർ എംഎൽഎയുമായ വി.എസ്.സുനിൽകുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. കേന്ദ്ര മാനദണ്ഡമനുസരിച്ച് കണ്ടെയ്‌ൻമെന്റ് സോണുകളിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലും നിയന്ത്രണങ്ങളും നടപ്പിലാക്കും. മാർക്കറ്റുകളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. സമാനരീതിയിൽ 14 ദിവസം നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനമെന്ന് വി.എസ്.സുനിൽകുമാർ കൂട്ടിച്ചേർത്തു.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജില്ലയിൽ ആളുകളും പരിഭ്രാന്തരായി. തൃശൂർ ശക്‌തൻ മാർക്കറ്റ് ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതവും നിയന്ത്രിക്കും. നിയന്ത്രണങ്ങൾ കർശനമാകുമെന്ന് അറിഞ്ഞതോടെ പല ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്ക് വർധിച്ചു. അവശ്യ സാധനങ്ങൾ സംഭരിച്ചുവയ്‌ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ ലഭിക്കുമെന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പൂർണമായും ഒഴിവാക്കണം. നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read Also: തലച്ചോറിൽ രക്തസ്രാവം: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജില്ലയിൽ ഇന്ന് മാത്രം 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ ജില്ല തൃശൂരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31), അരിമ്പൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക (47), ഗുരുവായൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (48), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (48), ജൂൺ എട്ടിനു ചെന്നെെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപ്പെട്ട എസ്എൻ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷൻ (67), ജൂൺ രണ്ടിന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂൺ അഞ്ചിന് ഖത്തറിൽ നിന്നും വന്ന കണ്ടാണശേരി സ്വദേശി (38), മെയ് 26 ന് ദുബായിൽ നിന്നും വന്ന പുരുഷൻ (42), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത് ഗുരുതര സ്ഥിതിവിശേഷമാണെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.
വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ (ഒന്നു മുതൽ നാല് വരെയും 16 മുതൽ 32 വരെയും ഉള്ള വാർഡുകൾ) തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകൾ, 41-ാം ഡിവിഷൻ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകളും നേരത്തെ കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിലുണ്ട്.