ഗുരുവായൂർ: തൃശൂർ ജില്ലയിൽ ഭീതിപരത്തി കെഎസ്ആർടിസി കണ്ടക്ടർക്ക് രോഗബാധ. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് കണ്ടക്ടർ. കോവിഡ് ബാധിതനായ കണ്ടക്ടർ യാത്ര ചെയ്ത ബസിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഈ കെഎസ്ആർടിസി ബസിൽ ഗുരുവായൂർ-കാഞ്ഞാണി റൂട്ടിൽ ജൂൺ 25 വ്യാഴാഴ്ച യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ജൂൺ 25 നു രാവിലെ 8.30 നാണ് ബസ് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ടത്. കാഞ്ഞാണി വഴിയാണ് ബസ് തൃശൂരിലെത്തിയത്. കാഞ്ഞാണി-അരിമ്പൂർ ഭാഗത്തുനിന്ന് നിരവധിപേർ ഈ ബസിൽ കയറിയതായാണ് വിവരം.
Read Also: ഇന്ത്യ-ചെെന സംഘർഷം: യൂണിഫോം കത്തിച്ച് സൊമാറ്റോ ജീവനക്കാരുടെ പ്രതിഷേധം
ബസിലെ യാത്രക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവരുമായി ഈ ദിവസങ്ങളിൽ അടുത്ത് ബന്ധപ്പെട്ടവരും നീരീക്ഷണത്തിൽ പ്രവേശിക്കണം. ബസിൽ യാത്ര ചെയ്തവർ അതാതു പ്രദേശത്തെ ഹെൽത് ഇൻസ്പെക്ടറുമായി ബന്ധപ്പെടണം. ഗുരുവായൂർ ഡിപ്പോയിലെ ഏഴ് സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതീവ ജാഗ്രത
സംസ്ഥാനത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്തതും സമ്പർക്ക രോഗബാധിതർ വർധിക്കുന്നതുമായ ജില്ലകളിലാണ് അതീവ ജാഗ്രത വേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണം.
കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ഇന്നലെയാണ്. 195 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 4,047 ആയി.
Read Also: ‘വിശപ്പിനെക്കാൾ ഭേദം കൊറോണ’; ജീവൻ കൈയിൽ പിടിച്ച് അവർ തിരിച്ചെത്തുന്നു
മലപ്പുറം ജില്ലയിൽ മാത്രം 47 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്നതും ആശങ്കാജനകമാണ്. ജൂൺ ആദ്യവാരത്തിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒൻപത് ദിവസമായി പ്രതിദിനം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരാമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നൽകിയത്.