തൃശൂര്‍: ജില്ലയിലെ കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന പൂരത്തില്‍ പങ്കെടുത്ത ഒരു വിദേശ പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുമായി സെല്‍ഫി എടുക്കുകയും നൃത്തം ചെയ്യുകയും ഹസ്ത ദാനം ഉള്‍പ്പെടെ ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാകുകയും ചെയ്തവര്‍ അടിയന്തിരമായി ആരോഗ്യ വിഭാഗത്തിലോ, ദിശയുമായോ (0487 2320466) ബന്ധപ്പെടണമെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.

ജില്ലയില്‍ കോവിഡ് 19-മായി ബന്ധപ്പെട്ട് 2470 പേര്‍ നിരീക്ഷണത്തിലാണ്. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളില്‍ 2425 ഉം ആശുപത്രികളില്‍ 45 ഉം ആയി ആകെ 2470 പേരാണ് ഇപ്പോള്‍ തൃശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച 12 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. അഞ്ചു പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി തിങ്കളാഴ്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതു വരെ 306 പേരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

കോവിഡ് 19 സ്ഥിരീകരിച്ച വിദേശി കുട്ടനെല്ലൂര്‍ പൂരത്തിനിടെ ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശനിവാസികളുടെ സംശയനിവാരണത്തിനായി കുട്ടനെല്ലൂര്‍ ക്ഷേത്രത്തിനടുത്ത് ആരോഗ്യവകുപ്പ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കൂടാതെ ഇരിങ്ങാലക്കുട, കെഎസ്ആര്‍ടിസി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നതിനും കൂടുതല്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു.

Read Also: സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ല: പൂജാര

കഴിഞ്ഞ ദിവസം യുകെയില്‍ നിന്ന് വന്ന പോസിറ്റീവ് ആയ വ്യക്തി സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഉണ്ടാക്കുകയും അതിനനുസരിച്ചുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എങ്കിലും ഈ പ്രദേശങ്ങളിലെ ആളുകള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതി.

വിദേശങ്ങളില്‍ നിന്ന വന്നവരായ ചിലരെങ്കിലും നിരീക്ഷണത്തില്‍ തുടരുവാന്‍ വിമുഖത കാണിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ആശാസ്യകരമല്ലാത്തതു കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യമായി വരുന്നുണ്ട്.

റെയില്‍വേ സ്റ്റേഷനിലുളള നിരീക്ഷണം ശക്തമായിത്തന്നെ തുടരുന്നു. യാത്രികരായ 1230 പേര്‍ക്ക് വീടുകളില്‍ കഴിയാനായി നിര്‍ദ്ദേശങ്ങല്‍ കൊടുത്തു. ഇവര്‍ ബാംഗ്ലൂര്‍, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. അന്തര്‍സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 12 അംഗസംഘം 1395 യാത്രകാരെ സ്‌ക്രീന്‍ ചെയ്തു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് തിങ്കളാഴ്ച 517 അന്വേഷണങ്ങള്‍ വന്നു. 761 പേര്‍ക്ക് കൗണ്‍സിലര്‍മാര്‍ മാനസിക പിന്തുണയ്ക്കായുളള കൗണ്‍സലിംഗ് തുടങ്ങി.

എയര്‍പോര്‍ട്ടിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തികൊണ്ടുളള ടീമിനെ നിയോഗിച്ചുകൊണ്ട് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

ട്രെയിനുകളിലും കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ക്ലാസ്സുകള്‍ നല്‍കുകയും ചെയ്യുന്നത് തുടര്‍ന്നു വരുന്നു. ഇതില്‍ 38 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, 11 ഡിടിപിസി വോളണ്ടിയര്‍മാര്‍, പ്രളയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കം 60 പേര്‍ പങ്കെടുത്തു.

കോവിഡ് 19 പരിശോധന തൃശൂര്‍ മെഡിക്കല്‍ കോളേജിലും

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് 19 രോഗനിര്‍ണ്ണയ പരിശോധന ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. നാളെ മുതല്‍ മറ്റു ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ രക്തസാമ്പിളുകളും പരിശോധിച്ചു തുടങ്ങും. ഒരു ഷിഫ്റ്റില്‍ 40 പേരുടെ രക്തസാമ്പിള്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാന്‍ കഴിയും. ആറ് മണിക്കൂറിനകം പരിശോധന ഫലവും ലഭ്യമാകും.

പരിശോധനയില്‍ വൈറസ് ഉണ്ടെന്ന് തെളിഞ്ഞാല്‍ രോഗിയുടെ രക്തസാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആവശ്യമായ റീഏജന്റ് കിറ്റുകള്‍ ആവശ്യത്തിന് എത്തിയിട്ടുണ്ട്. കോവിഡ് പരിശോധന കൂടി തുടങ്ങിയതോടെ വൈറോളജി ലാബില്‍ കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ആന്‍ഡമാനിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇന്നു മുതല്‍ ഈ മാസം 26 വരെ അടച്ചിടാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം തീരുമാനിച്ചു. ബീച്ചുകള്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, ജല കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. ഈ സമയത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അധികൃതര്‍ വിനോദ സഞ്ചാരികളോടാവശ്യപ്പെട്ടു. ഇതനുസരിച്ച് വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: Explained: കോവിഡ് 19-നെ ഇന്ത്യ നേരിടുന്നതെങ്ങനെ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.