തൃശൂര്‍: കോവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൊടുങ്ങലൂര്‍ മീനഭരണി മഹോത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തും. കോമരങ്ങള്‍ ഉള്‍പ്പെടെയുളള ആള്‍കൂട്ടത്തെ ഒഴിവാക്കിയാകും ഇത്തവണ ഉത്സവം നടത്തുക. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 29 വരെയാണ് നിരോധനാജ്ഞ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.

മീനഭരണി ഉത്സവാഘോഷങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോട് സഹകരിക്കുമെന്ന് കോമരങ്ങളുടെ സംഘടന ഭാരവാഹികള്‍ ഉറപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. “മീനഭരണി ഉത്സവ ചടങ്ങുകള്‍ മുടക്കില്ല. എന്നാല്‍ ആള്‍ക്കൂട്ടത്തെ അനുവദിക്കില്ല. മനുഷ്യര്‍ സ്വയം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. കോറോണ വൈറസ് വ്യാപനം തടയാന്‍ ജനങ്ങള്‍ ഇടപഴകുന്നത് കുറയ്ക്കുകയാണ് പോംവഴി. വ്യക്തികള്‍ സ്വയം നിയന്ത്രിക്കണം. അപൂര്‍വ്വം ചിലര്‍, അങ്ങനെയല്ലാതെ പെരുമാറിയതാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്,” മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

മീനഭരണ ഉത്സവാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന കോഴിക്കല്ല് മൂടലില്‍ പ്രതീക്ഷിച്ചതിലേറെ ആള്‍കൂട്ടമെത്തിയിരുന്നു. കൊറോണ വ്യാപന ഘട്ടത്തില്‍ ഇത്തരത്തിലുളള ആള്‍ക്കൂട്ടസമ്പര്‍ക്കം രോഗം പടരാന്‍ ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. കാവുതീണ്ടാന്‍ അധികാരമുളള കുടുംബത്തില്‍ ഒരംഗം മാത്രം പങ്കെടുത്ത് കാവുതീണ്ടല്‍ ചടങ്ങ് പൂര്‍ത്തിയാകും. പൂജയ്ക്ക് പങ്കെടുക്കേണ്ട രാജകുടുംബാംഗങ്ങളുടെ അനുചരന്മാരുടെയും എണ്ണവും പരിമിതപ്പെടുത്തും.

അന്യജില്ലകളില്‍ നിന്നുളള കൊടുങ്ങല്ലൂര്‍ക്കുളള ഭക്തജന പ്രവാഹം ഒഴിവാക്കാന്‍ വിശ്വാസികള്‍ സ്വയം മുന്നോട്ട് വരണമെന്ന് മന്ത്രി എ സി മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു. ഉത്സവാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ മൂന്ന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

യോഗത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, റൂറല്‍ എസ്പി കെ പി വിജയകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ ബി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.