തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കോവിഡ്-19 രോഗബാധ വർധിച്ചതോടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകൾ ബഫർ സോണുകളാണ്.
ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ബാങ്ക് /ബാങ്കിങ് അനുബന്ധ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല.
Read Also: പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; കാരണം തമിഴ്നാട് ബന്ധവും തിരക്കുമെന്ന് വിലയിരുത്തല്
ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പൊലീസും ഉറപ്പാക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിലും ബഫർ സോണുകളിലും ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തന അനുമതിയുണ്ട്.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും. ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും, ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും, ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം.
Read Also: ഭയപ്പെടുത്തുന്ന കണക്കുകൾ; രാജ്യത്ത് ഒറ്റ ദിവസം 25,000ത്തോളം രോഗികൾ
അതിനിടെ, തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപ്പന പാടില്ല. വിൽപ്പന നടത്തുന്ന സമയങ്ങളിൽ കർശനമായ കോവിഡ് മാനണ്ഡങ്ങൾ പാലിക്കണം. തിരുവനന്തപുരം കോർപ്പറേഷൻ, കണ്ടെയ്ൻമെന്റ് സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ജൂലൈ 6 ഏഴ് ദിവസത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.