തിരുവനന്തപുരം: രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ഇന്നു രാവിലെ ആറു മുതൽ ഏഴ് ദിവസത്തേക്കാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്.
What is Triple Lockdown?: എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?
പൂർണ ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ അടച്ചിടും. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.
ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും മാത്രം അനുവദിച്ച് പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിനു നുമതിയുണ്ടെങ്കിലും സമയ പരിധി കുറയ്ക്കും. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും.
അവശ്യവവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാമെങ്കിലും കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും.
കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കും. പൊതുഗതാഗതം പൂർണമായും വിലക്കും
മൂന്നു തലങ്ങളിലായാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരിക.
- ആദ്യത്തേത് രാജ്യത്തോ സംസ്ഥാനത്തോ ഇതിനകം നിലവിലുള്ള സാധാരണ ലോക്ക്ഡൗൺ.
- രണ്ടാമത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ജില്ല, നഗരസഭ, തദ്ദേശ സ്ഥാപനം എന്നിങ്ങനെയുള്ള ഔദ്യോഗിക പരിധികൾക്കുള്ളിലെ പ്രദേശങ്ങളിൽ ആകെ നടപ്പാക്കുന്ന അധിക നിയന്ത്രണങ്ങൾ.
- മൂന്നാമത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ രോഗബാധ രൂക്ഷമായി കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേകമായി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ.
കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ കാസർഗോഡ് – കണ്ണൂർ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു.
ഇന്ന് സമ്പർക്കത്തിലൂടെ 38 പേർക്ക് സംസ്ഥാനത്ത് രോഗം ബാധിച്ചപ്പോൾ 22 പേരും തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേർക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
തലസ്ഥാന നഗരി വളരെ സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
“കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങൾ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്റിജൻ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പരമാവധിപേരെ പരിശോധിക്കും. യാത്രകള്‍ ഒഴിവാക്കണം, വീട്ടില്‍ അടങ്ങിയിരിക്കാന്‍ മനസുകാണിക്കണം. തലസ്ഥാന നഗരി ഒരു അഗ്നിപർവതത്തിനു മുകളിലാണ്, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സമൂഹവ്യാപനമുണ്ടായാൽ സർക്കാർ മറച്ചുവയ്‌ക്കില്ല. അങ്ങനെയൊരു അവസ്ഥ വന്നാൽ സർക്കാർ തന്നെ ജനങ്ങളെ അറിയിക്കും. സമൂഹവ്യാപന ആശങ്കയിലാണ് ഇപ്പോൾ,” കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.