തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചതിനാൽ മാത്രം വൈറസ് ബാധിതരെ മാറ്റിപ്പാർപ്പിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂരിൽ നിന്നുള്ള എൽഡിഎഫ് കൗൺസിലറായ വഞ്ചിയൂർ പി ബാബു. പി ബാബു അടക്കം നഗരസഭയിലെ ആറ് കൗൺസിലർമാർക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിരുന്നു.

താൻ നാല് ദിവസമായി കോവിഡ് കെയർ സെന്ററിലാണെന്നും തനിക്ക് ലോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലെന്നും പി ബാബു പറഞ്ഞു. ലക്ഷണങ്ങളോ അസ്വസ്ഥതയോ ഇല്ലാതിരിക്കെ, ടെസ്റ്റ്‌ പോസിറ്റീവ് ആകുന്ന എല്ലാവരെയും ഇതുപോലെ പ്രത്യേകം സെന്ററുകളിൽ മാറ്റി പാർപ്പിക്കേണ്ടതില്ല എന്നാണ് തോന്നുതെന്നും ഇത്തരക്കാരെ, അവരവരുടെ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ റൂം ക്വാറന്റൈനിൽ നിർത്തിയാൽ മതിയാകും എന്നും കൗൺസിലർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഞാൻ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി കെയർ സെന്ററിൽ നാലു ദിവസമായി കഴിയുകയാണ്. എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല….

Posted by Vanchiyoor P Babu on Sunday, 26 July 2020

ഒരു കുഴപ്പവും ഇല്ലാത്തവരും വീടുകളിൽ സൗകര്യമുള്ളവരും ആയ പോസിറ്റീവ് കേസുകൾക്ക് വേണ്ടി പൊതു ഖജനാവിൽ നിന്നും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് ടെസ്റ്റ്‌ പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ നേരിടേണ്ടിവന്നത് ഏതോ ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണെന്നും ഒറ്റപ്പെടുത്തൽ മാനസിക സംഘർഷം ഉണ്ടാക്കുമെന്നും രോഗം മൂർച്ഛിക്കാൻ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

Read More: കോവിഡ് വ്യാപനം: കൊല്ലത്ത് നാളെ മുതൽ വാഹനനിയന്ത്രണം

അതേസമയം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ൽ പരിശോധന നടത്തിയ ഫലം ഇന്ന് വന്നതായും ഏഴു കൗൺസിലർമാർക്കും ഫലം നെഗറ്റീവ് ലഭിച്ചതായും പി ബാബു മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ൽ പരിശോധന നടത്തിയ ഫലം ഇന്ന് വന്നിട്ടുണ്ട്. ഞങ്ങൾ ഏഴു കൗൺസിലർമാർക്കും ഫലം നെഗറ്റീവ്…

Posted by Vanchiyoor P Babu on Sunday, 26 July 2020

23 നാണ് കൗൺസിലറുടെ ആന്റിജൻ ടെസ്റ്റ്‌ പോസിറ്റീവ് ആയത്. അടുത്ത ദിവസം തന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് വീണ്ടും പരിശോധനയ്ക്ക് സാമ്പിൾ അയച്ചിരുന്നെന്നും ആ റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: കസ്റ്റംസ് ചോദ്യം ചെയ്‌തത് ഒൻപത് മണിക്കൂർ, എൻഐഎ അഞ്ച് മണിക്കൂർ; ശിവശങ്കറിന് നാളെ നിർണായകം

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഏറ്റവും മെച്ചപ്പെട്ട താമസസൗകര്യവും മികച്ച ഭക്ഷണവുമാണ് തങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതെന്നും ഇതിന് വലിയൊരു തുക സർക്കാർ ചെലവഴിക്കേണ്ടി വരുന്നുവെന്നും പറഞ്ഞ പി ബാബു തങ്ങളെ പോലെയുള്ളവരെ വീടുകളിൽ നിരീക്ഷിച്ചാൽ ആ ചെലവ് ഒഴിവാക്കാനാവുമെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.