കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ നഗരത്തിലേക്കു കടത്തിവിടൂ. ആവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് പ്രതിദിന സംഖ്യയില്‍ ഇന്നലെ രണ്ടാമതാണു കോഴിക്കോട്. ജില്ലയില്‍ ഇന്നലെ 4990 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24.66 ശതമാനമാണു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധന്‍-5015, ചൊവ്വ-5015 തിങ്കള്‍- 3251 എന്നിങ്ങനെയായിരുന്നു ജില്ലയില്‍ ഈ ആഴ്ചയിലെ മറ്റു ദിവസങ്ങളിലെ രോഗബാധിതരുടെ എണ്ണം.
നഗരത്തില്‍ ഇന്നു വൈകീട്ടു മുതലാണു പൊലീസ് പരിശോധന കര്‍ശനമാക്കുക. റമദാന്‍ അടുത്തുവരെ നഗരത്തിലുണ്ടാവുന്ന കണക്ക് കണക്കിലെടുത്താണ് നടപടി. നഗരാതിര്‍ത്തിയില്‍ പൊലീസ് പിക്കറ്റുകളൊരുക്കിയാണു പരിശോധന. നിയന്ത്രണങ്ങള്‍ ലംഘിച്ച് എത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പട്രോളിങ് വാഹനങ്ങള്‍ക്കു പുറമെ ബൈക്കുകളില്‍ സഞ്ചരിച്ചും പൊലീസ് നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ 111 കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. രോഗികള്‍ കൂടുതല്‍ ഉള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ 15 ആയും ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന കോഴിക്കോടാണ് കൂടുതല്‍ ക്ലസ്റ്ററുകളുള്ളത്. ജില്ലയില്‍ ആറ് ലാര്‍ജ് ക്ലസ്റ്ററുകളമുണ്ട്.
Also Read: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകള്‍
കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. വിദേശത്തുനിന്ന് എത്തിയവര്‍-ഒന്ന്, അന്യസംസ്ഥാനത്തുനിന്ന് എത്തിയവര്‍-മൂന്ന്, ഉറവിടം വ്യക്തമല്ലാത്തത്-18, സമ്പര്‍ക്കം-1489, ആരോഗ്യപ്രവര്‍ത്തകര്‍-ഒന്ന്, എന്നിങ്ങനെ 1511 പേര്‍ക്കാണ് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കോര്‍പഷേനിലെ മിക്കവാറും വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇവ ഉള്‍പ്പെടെ 25 തദ്ദേശ സ്ഥാപനങ്ങളിലെ 55 വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മന്റ് സോണുകളും 40 തദ്ദേശ സ്ഥാപനങ്ങളിലെ 94 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുമാക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ 1019 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗരപരിധിയിലാണ് കേസുകളേറെയും. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 873 കേസാണ് നഗരപരിധിയില്‍ ഇന്നലെ റജിസ്റ്റര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും 12 കേസും ഫയല്‍ ചെയ്തു.
നഗരത്തിലെ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ഇന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read:Covid 19 Live Updates: ശമനമില്ലാതെ കോവിഡ്; 3.86 ലക്ഷം പുതിയ കേസുകള്‍, 3,498 മരണം
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം അനിവാര്യമാണെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. വിവിധ മത മേധാവികളുമായി കലക്ടര്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കോവിഡ് രോഗികള്‍ക്ക് കൂടി ചികിത്സാ സൗകര്യങ്ങള്‍ പങ്കിടേണ്ട ബാധ്യത കോഴിക്കോട് നഗരത്തിലെ ആശുപത്രികള്‍ക്കുണ്ട്. ജില്ല കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുന്‍കരുതല്‍ മുഴുവന്‍ ജനങ്ങളും ഏറ്റെടുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന. ജില്ലയില്‍ രോഗികളുടെ എണ്ണം ഇനിയും ക്രമാതീതമായി വര്‍ധിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രതി സന്ധി നേരിടേണ്ടിവരും. സമയത്ത് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി ഇപ്പോള്‍ തന്നെ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ നേരിടുന്നുണ്ടെന്നും ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
അതിനിടെ, രണ്ടാം തരംഗം ജില്ലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോഴിക്കോട് ഘടകം ആവശ്യപ്പെട്ടു. ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുകയാണ്. ഐസിയുകളില്‍ കിടക്ക ലഭിക്കാന്‍ പ്രയാസം നേരിടുകയാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.