കൊച്ചി: ഓണത്തിന് ബോണസ് കിട്ടുമ്പോള്‍ പുതിയ ലാപ് ടോപ്പും സ്മാര്‍ട്ട് ഫോണും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ കൈയില്‍ പണം വരുമ്പോള്‍ തന്നെ കടയിലേക്ക് പോകുന്നത് നല്ലതാണ്. കാരണം ലാപ്‌ടോപ്, ഫോണ്‍ ലഭ്യതക്കുറവാണ് ഓണവിപണിയെ തുറിച്ചു നോക്കുന്നത്.
ഓണം വിപണി മുന്‍കൂട്ടി കണ്ട് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ലാപ്‌ടോപ്പുകളും ഫോണുകളും ജൂലൈ തന്നെ കടകളില്‍നിന്നു വിറ്റു പോയി. കോവിഡ്-19-നെ തുടര്‍ന്ന് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സംവിധാനവും നിലവില്‍ വന്നതിനെത്തുടര്‍ന്ന് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആവശ്യക്കാര്‍ ഏറിയിരുന്നു. ജൂണ്‍ ആദ്യ വാരം കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങള്‍ക്കും കടുത്ത ദൗര്‍ലഭ്യം നേരിട്ടു. ഇതേതുടര്‍ന്ന്, ഓണം വിപണി ലക്ഷ്യമാക്കി മൊത്തവിതരണക്കാര്‍ നേരത്തെ വരുത്തിയ ഉല്‍പ്പന്നങ്ങളെല്ലാം ജൂലൈയില്‍ വിറ്റുപോയി.
വിപണിയില്‍ പൊതുവില്‍ ദൗര്‍ലഭ്യമാണ് നേരിടുന്നതെന്ന് ഡെല്ലിന്റെ കേരളത്തിലെ മൊത്ത വിപണനക്കാരായ ഐഎംസിയുടെ സ്ഥാപകൻ ദിവാകര്‍ പ്രഭു പറഞ്ഞു.
“ഉത്സവ സീസൺ ലക്ഷ്യമിട്ട് വന്ന സാധനങ്ങളെല്ലാം തീര്‍ന്നു. അതിനാൽ ചെറിയ ലഭ്യതക്കുറവിനു സാധ്യതയുണ്ട്. എല്ലായിടത്തും കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത് കാരണം ലാപ്‌ടോപ്പിനായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായത്. ഒരു പരിധി കഴിഞ്ഞ് മൊബൈലിനുള്ള പരിമിതികളാണ് കൂടുതല്‍ ആളുകളെയും ലാപ് ടോപ്പ് വാങ്ങാന്‍ പ്രേരിപ്പിച്ചത്. ‘വര്‍ക്ക് ഫ്രം ഹോം”കാര്‍ക്കും ഇതേ ആവശ്യമുണ്ടായിരുന്നു. വെബ് ക്യാമറകള്‍ക്കും ലാപ് ടോപ്പിനും ഡിമാൻഡ് കൂടി. ഒരു വര്‍ഷം നടക്കുന്നതിന്റെ 40 ശതമാനം വിപണനം ഓണം സീസണിലെ രണ്ട് മാസത്തില്‍ നടക്കും.”
25,000 മുതല്‍ 35,000 വില നിലവാരത്തിലെ ലാപ്‌ടോപ്പുകളാണ് കൂടുതലും വിറ്റു പോയത്. ലോക്ക്ഡൗണ്‍ കാരണം പണലഭ്യത കുറഞ്ഞിരിക്കുന്നതും വില്‍പ്പനയെ ബാധിച്ചേക്കുമെന്ന ആശങ്കയും ദിവാകര്‍ പങ്കുവച്ചു.
“ബോണസ് കിട്ടുമ്പോള്‍ സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഈ വര്‍ഷം ബോണസ് ഉണ്ടാകുമോയെന്ന് അറിയില്ല. ജൂലൈയില്‍ വരുന്ന സാധനങ്ങള്‍ ഒരു മാസത്തോളം പിടിച്ചുവച്ചാണ് ഓഗസ്റ്റില്‍ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കൂടുതല്‍ ആവശ്യക്കാര്‍ ജൂലൈയില്‍ തന്നെ ഉണ്ടായതിനാല്‍ അവ വിറ്റു.”
Read Also: ഓണ്‍ലൈന്‍ പഠനം: കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ഹൈടെക്ക് ചെലവുകള്‍
ചൈനയില്‍നിന്നാണ് ലാപ്‌ടോപ്പ് അടക്കമുള്ള ഐടി ഉല്‍പ്പന്നങ്ങള്‍ വരുന്നത്. മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്ന് ധാരാളം ഓര്‍ഡർ ചൈനയിലെ വിവിധ കമ്പനികളില്‍ ബാക്ക് ലോഗായി കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, അവിടെ നിന്നും ഉല്‍പ്പന്നങ്ങള്‍ വരുന്നത് കുറഞ്ഞു. കോവിഡ് കാരണം രണ്ട് മാസത്തോളം അടച്ചിട്ട ഫാക്ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ട് അധികമായില്ല.
ഐടി ഉൽപ്പന്നങ്ങൾ വരുന്നത് കുറഞ്ഞുവെന്ന് എറണാകുളത്തെ ആഷര്‍ ഡിജിറ്റലിന്റെ സ്ഥാപകനായ ജോബിന്‍ പി ജോര്‍ജ് പറഞ്ഞു. “ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് 30,000 രൂപയ്ക്ക് താഴെയുള്ള ലാപ് ടോപ്പുകളാണ്. ആ ഈ വിഭാഗത്തിലേക്ക് ഒന്നും വരുന്നില്ല,” ജില്ലയില്‍ എട്ട് ഷോപ്പുകള്‍ നടത്തുന്ന ജോബിന്‍ പറഞ്ഞു.
“ഉല്‍പ്പാദനത്തിലും ഇറക്കുമതി ചെയ്യുന്നതിലും വന്ന തടസങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്തതിന് കാരണം. ഓണ്‍ലൈന്‍ വഴി നടക്കുന്ന വില്പന റീട്ടെയ്ല്‍ വ്യാപാരത്തെ ബാധിച്ചു. ആളുകള്‍ക്ക് പുറത്തിറങ്ങാതെ തന്നെ സാധനം വാങ്ങാന്‍ കഴിയുമെന്നത് കോവിഡ്-19 കാലത്ത് ഗുണകരമാകുന്നു. കൂടാതെ, മൊബൈല്‍ ഫോണുകളില്‍ പല മോഡലുകളും ഓണ്‍ലൈനില്‍ മാത്രമാണ് ലഭ്യം. ആളുകളില്‍ വളരെ താല്‍പ്പര്യം സൃഷ്ടിച്ചിട്ടുള്ളവ കൂടിയാണ് ഈ മോഡലുകള്‍. അവ ഓഫ് ലൈനില്‍ ലഭ്യമല്ല. ബിസിനസ് മുന്നോട്ടുപോകാന്‍ ഈ എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ വ്യാപാരം ഭീഷണിയാണ്,” അദ്ദേഹം പറഞ്ഞു.
ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് ക്ലിയറൻസ് ലഭിക്കാത്തതിനാൽ ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെവിടെയും സ്റ്റോക്കില്ലെങ്കിലും മൊബൈൽ ഫോണുകൾ ആവശ്യത്തിനു കിട്ടാനുണ്ടെന്നു മൊബൈൽ ഫോൺ വിപണന ശൃംഖലയായ മൈ ജിയുടെ സെയിൽസ് ആൻഡ് സർവീസ് ജനറൽ മാനേജർ ഷൈൻ കുമാർ പറഞ്ഞു. ഓണം വിപണി ലക്ഷ്യമിട്ട് എല്ലാ മൊബൈൽ നിർമാതാക്കളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് സ്റ്റോക്ക് എത്തിക്കുകയാണെന്നും ഷൈൻ കുമാർ പറഞ്ഞു.
“ഒപ്പോ, വിവോ, സാംസങ് സ്റ്റോക്ക് വരുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കൂടുതലായി ശ്രദ്ധിക്കുന്ന റിയല്‍മീ, ഷവോമി, വണ്‍പ്ലസ് തുടങ്ങിയവയുടെ മോഡലുകള്‍ കുറവാണ്. കാരണം, അവര്‍ക്ക് ഓണ്‍ലൈനായി നല്ല കച്ചവടം ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആവശ്യത്തിന് സ്റ്റോക്ക് വന്നില്ല. ഈ മാസം സാഹചര്യം മാറി. ഒരു മാസത്തേക്കുള്ള സ്റ്റോക്കുണ്ട്. ചിങ്ങം ഒന്ന് മുതല്‍ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.
” ലോക്ക് ഡൗണിനെത്തുടർന്ന് രണ്ടുമാസം അടച്ചിട്ടതിനെത്തുടർന്ന് വ്യാപാര നഷ്ടമുണ്ടായെങ്കിലും കഴിഞ്ഞ രണ്ടുമാസം കൊണ്ട് അത് മറികടക്കാൻ കഴിഞ്ഞതായി ഷൈൻ കുമാർ പറഞ്ഞു. മൈജിക്ക് സംസ്ഥാനത്ത് എൺപതോളം ഷോറൂമുകളാണുള്ളത്. മിക്കവാറും കടകളിൽ 50 മുതൽ 100 ശതമാനം വരെ വിൽപ്പന വർധിച്ചു. അതേസമയം, ശരാശരി 17 കടകൾ എല്ലാ ദിവസവും കണ്ടെയ്ൻമെന്റ് സോണുകളിൽപ്പെട്ട് തുറക്കാൻ കഴിയുന്നില്ല. തിരുവനന്തപുരത്തെ ഷോറൂം ഒരുമാസം അടച്ചിട്ടിരുന്നു. പട്ടാമ്പി, എടപ്പാള്‍ പോലുള്ള സ്ഥലങ്ങളില്‍ രണ്ടു മാസത്തോളമായി കടകള്‍ അടച്ചിട്ടിരിക്കുന്നു.”
“ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ പതിനായിരം രൂപയ്ക്കു താഴെയുള്ള ഫോണുകളാണ് കൂടുതലായും വിറ്റുപോയിരുന്നത്. നിലവിൽ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ വിലയുള്ള 4ജിബി-6ജിബി ഫോണുകളാണ് അധികം വിറ്റുപോകുന്നത്. 10,000 രൂപയുടെ താഴെയുള്ള ഫോണുകള്‍ കഴിഞ്ഞ മാസം വരെ കുറവായിരുന്നു. ഇപ്പോള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്”
“കോവിഡ്-19 കാരണം വായ്പകള്‍ക്ക് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്ക് ഫൈനാന്‍സ് ചെയ്യുന്ന കമ്പനികള്‍ അത് നല്‍കുന്നത് കുറച്ചു. മൊറട്ടോറിയം ഉള്ളതിനാല്‍ പലരും പണം അടയ്ക്കുന്നില്ല. അതിനാല്‍, പുതിയ ഫോണ്‍ വായ്പകള്‍ അനുവദിക്കുന്നത് കുറഞ്ഞു. 40 ശതമാനത്തോളം ഫിനാന്‍സ് കമ്പനികളുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയിരുന്നത് ഇപ്പോള്‍ 30 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന ഇഎംഐ സൗകര്യം ഉപയോഗിച്ചുള്ള ഫോണ്‍ വില്‍പ്പനയെ ബാധിച്ചിട്ടില്ല,” അദ്ദേഹം പഞ്ഞു.
ഇപ്പോള്‍ ഐടി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂടുതലാണെന്നും ഓണ സീസണ്‍ കാത്ത് ആരും നില്‍ക്കുന്നില്ലെന്നും തിരുവനന്തപുരത്തെ ലോഗ്‌ടെക് ഇന്‍ഫോവേയുടെ മാനേജിങ് ഡയറക്ടറായ എസ്കെ ഹരികുമാര്‍ പറഞ്ഞു.
“നേരത്തെ വിപണിയില്‍ അധികം സാധനം എത്തുമായിരുന്നു. ഇപ്പോള്‍ പലപ്പോഴും ഉപഭോക്താവിന് വേണ്ട കോണ്‍ഫിഗറേഷന്‍ കിട്ടുന്നില്ല. അതിനാല്‍ അവര്‍ കിട്ടുന്ന സാധനം വാങ്ങിപ്പോകുകയാണ് ചെയ്യുന്നത്.”
“ഐ ത്രീ കോണ്‍ഫിഗറേഷനിലെ ലാപ്‌ടോപ്പുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. പിന്നെ എന്‍ട്രി ലെവലും. 28,000 മുതല്‍ 35,000 രൂപ വരെ വിലയുള്ള ലാപ്‌ടോപ്പുകള്‍ക്ക് ആവശ്യക്കാരുണ്ട്. എച്ച്പി, ഡെല്‍ പോലുള്ള ബ്രാന്‍ഡുകളാണ് കൂടുതല്‍ പേരും ചോദിക്കുന്നത്,” ഹരികുമാര്‍ പറഞ്ഞു.
“വില്‍പ്പനയ്ക്കായി എത്തുന്ന ലാപ്‌ടോപ്പുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ഒരുവിധം മാനേജ് ചെയ്ത് പോകാനുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിച്ചിരുന്നു. മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ഒരു ബ്രാന്‍ഡ് അല്ലെങ്കില്‍ മറ്റൊരു ബ്രാന്‍ഡിലെ ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താവിന് സാധിക്കുന്നു,” അദ്ദേഹം പറഞ്ഞു.
Read Also: Best phones under Rs 15,000: ചെറിയ വിലയിൽ മികച്ച ഫീച്ചറുകളുമായി സ്മാർട്ഫോണുകൾ
ഹരികുമാര്‍ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രശ്‌നം, കേരളം ലോക്ക്ഡൗണ്‍ ആണെന്ന് പറഞ്ഞ് ലോജിസ്റ്റിക്‌സ് സര്‍വീസുകളായ ബ്ലൂ ഡാര്‍ട്ടും ഫെഡെക്‌സും കൊറിയറുകള്‍ എടുക്കുന്നില്ലെന്നതാണ്. ഇത് ചരക്കുനീക്കത്തെ ബാധിച്ചു.
ഓണം വില്‍പ്പന പ്രതീക്ഷിച്ച് പല പ്രമുഖ കമ്പനികള്‍ പ്രോഡക്ടുകള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. പക്ഷേ, അവ ആവശ്യത്തിന് വിതരണം ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വില്‍പ്പന മുന്‍കൂട്ടി കണ്ട് ഓര്‍ഡര്‍ നല്‍കി പേയ്‌മെന്റും നല്‍കുന്നവര്‍ക്ക് തടസമില്ലാതെ വ്യാപാരം നടക്കുമെന്നും ഹരികുമാര്‍ പറഞ്ഞു.
ഓണത്തോടെ മൊബൈല്‍ ഫോണ്‍ ലഭ്യത വര്‍ധിക്കുമെന്ന് കൊച്ചി ആസ്ഥാനമായ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ വില്‍പനക്കാരായ ടെക് ക്യൂവിന്റെ ചെയര്‍മാന്‍ യാസര്‍ അറാഫത്ത് പറഞ്ഞു
“രാജ്യത്ത് ആദ്യം ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത് കേരളത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 10,000 രൂപയില്‍ താഴെയുള്ള മൊബൈൽ ഫോണുകൾ എല്ലാം വിറ്റുപോയി. പിന്നാലെ, മറ്റു സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ മൊബൈല്‍ കമ്പനികള്‍ അവിടങ്ങളിലേക്ക് സ്‌റ്റോക്ക് അയച്ചു. ഇതേതുടര്‍ന്നാണ് കേരളത്തില്‍ 10,000 രൂപയുടെ താഴെയുള്ള മൊബൈലുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടത്. ഓണ വിപണിയെ ലക്ഷ്യമാക്കി വിതരണം സുഗമമാക്കാമെന്ന് കമ്പനികള്‍ ഉറപ്പ് തന്നിട്ടുണ്ട്,” യാസര്‍ അറാഫത്ത് പറഞ്ഞു.
“ഓണ്‍ലൈന്‍ വഴിയുള്ള വിപണനത്തിനെതിരെ രാജ്യ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഡീലേഴ്‌സ് സംഘടിക്കുകയാണ്. കമ്പനികള്‍ ഏറ്റവും പുതിയ മോഡലുകള്‍ കൂടുതലായി നല്‍കുന്നത് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ് സൈറ്റുകള്‍ക്കാണ്. അതിനാല്‍, ഷോറൂമുകളില്‍ പുതിയ മോഡലുകളുടെ ലഭ്യതക്കുറവുണ്ട്,” യാസര്‍ അറാഫത്ത് പറഞ്ഞു.
Read Also: Redmi 9 Prime first look: ഷവോമി റെഡ്മി 9 പ്രൈം ഫസ്റ്റ് ലുക്ക്
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന വിപണിയില്‍ ഇപ്പോള്‍ തന്നെ ഓണമാണെന്നാണ് കൊച്ചിയിലും തൃശൂരും ഷോറൂമുകളുള്ള ഐടി നെററ് ഇന്‍ഫോലൈന്‍ ഡയറക്ടറായ എ അഫ്‌സല്‍ പറയുന്നത്.
“ആപ്പിള്‍ ഐപാഡിനും ഡിമാന്റുണ്ട്. മുമ്പ് കൊച്ചിയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ മാസത്തില്‍ ഒരു ഐപാഡ് പോലും വില്‍ക്കാതിരുന്ന ഇടത്ത് ഇപ്പോള്‍ ആഴ്ചയില്‍ അഞ്ചും ആറും പേര്‍ ഇത് തേടിയെത്തുന്നു. 30,000 രൂപയ്ക്ക് വാങ്ങുന്ന ലാപ് ടോപ്പിനേക്കാള്‍ മികച്ച ക്വാളിറ്റി ഇതേ വില നിലവാരത്തിലെ ഐപാഡിനുള്ളതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വര്‍ക്ക് ഫ്രം ഹോമുകാര്‍ക്ക് സൂം മീറ്റിങ്ങ് നടത്താന്‍ വേണ്ട മികച്ച ക്യാമറ, മൈക്ക് നിലവാരം ഐപാഡിലുണ്ട്. പക്ഷേ, ഏറ്റവും പുതിയ മോഡലുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്,” അഫ്‌സല്‍ പറഞ്ഞു.