തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തീരദേശ പ്രദേശമായ പൂന്തുറയില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡിന് കാരണം തിരക്കേറിയ സാഹചര്യവും പ്രാദേശിക പ്രത്യേകതകളുമെന്ന് നിഗമനം. കന്യാകുമാരിയില്‍നിന്ന് മത്സ്യം എത്തിച്ച് വില്പന നടത്തിയതിലൂടെയാവാം കോവിഡ് അനിയന്ത്രിതമായി പടർന്നു പിടിച്ചത് എന്നാണ് വിലയിരുത്തൽ. മാണിക്യവിളാകം, ബീമാപ്പള്ളി, ചെറിയമുട്ടം, കുമരിച്ചന്ത എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന പൂന്തുറയിൽ ധാരാളം മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നിടമാണ്.
തമിഴ്നാട്ടിലെ രോഗബാധിത പ്രദേശമായ കന്യാകുമാരിയില്‍ നിന്നും മീന്‍ വാങ്ങി വ്യാപാരം നടത്തിയിരുന്ന പരുത്തിക്കുഴി സ്വദേശിയില്‍ നിന്നുമാണ് ഇവിടെ രോഗം പടര്‍ന്നത്. ആദ്യ രോഗം ബാധിച്ച മീന്‍ വ്യാപാരിയുമായി നേരിട്ട് സമ്പര്‍ക്കം വന്ന ബന്ധുക്കളും നാട്ടുകാരും അടക്കം 28 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കന്യാകുമാരിയിലെ കോവിഡ് സ്ഥിതി അതിരൂക്ഷമാകുകയാണ്. 115 പേര്‍ക്കാണ് ബുധനാഴ്ച്ച രോഗം സ്ഥരീകരിച്ചത്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 872 ആയി. 532 പേരാണ് ചികിത്സയിലുള്ളത്. 336 പേര്‍ക്ക് രോഗം ഭേദമാകുകയും നാലുപേര്‍ മരിക്കുകയും ചെയ്തു.
കന്യാകുമാരി ജില്ലയിലെ കുരുന്തന്‍കോട് ബ്ലോക്ക് ഓഫീസിലെ അസിസ്റ്റന്റ് ബിഡിഒയ്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഓഫീസ് അടച്ചു. നാഗര്‍കോവിലിലെ ഒരു അധ്യാപകനും നിദ്രവിള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. ഈ പൊലീസുകാരന് രോഗ വ്യാപനമുള്ള തീരദേശത്ത് ഡ്യൂട്ടി ചെയ്തിരുന്നു. നാഗര്‍കോവിലിലെ പൊലീസ് കണ്ട്രോള് റൂമില്‍ ജോലി ചെയ്തിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ട്രോള് റൂം അടച്ചു. എസ് പി ഓഫീസ് പരിസരത്താണ് ഈ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
കോട്ടാര്‍ ചന്തയിലെ ഒരു കടയുടമയ്ക്കും മൂന്ന് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.വടശേരി ചന്തയില്‍ രോഗം ബാധിച്ച കച്ചവടക്കാരുടെ സമ്പര്‍ക്ക പട്ടികയിലെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കന്യാകുമാരി, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ നിന്നും ദിവസവും നൂറുകണക്കിനുപേര്‍ പലവിധ ആവശ്യങ്ങള്‍ക്കുമായി തിരുവനന്തപുരം ജില്ലയിലേക്ക് വരാറുണ്ട്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് രോഗം പടര്‍ന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ മാംഗ്ലൂരിലേക്ക് ജില്ലയില്‍ നിന്നുമുള്ള പ്രവേശനം തടഞ്ഞിരുന്നു.

Read More: പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം
അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വ്യക്തമാക്കി. പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കും. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം.
പൂന്തുറയിലേക്ക് പുറത്തുനിന്നും ആളുകള്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അതിര്‍ത്തികള്‍ അടച്ചു. കടല്‍ വഴി ആളുകള്‍ ഇവിടെയെത്തുന്നത് തടയാന്‍ തീരദേശ പൊലീസിന് നിർദേശം നല്കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്കാന് സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഇവിടത്തെ മൂന്ന് വാര്‍ഡുകളില്‍ ഇന്നു മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്കാന് ജില്ലാ കളക്ടര്‍ നിർദേശം നല്കി.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇവിടെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനവുമുണ്ട്. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റൻറ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പോലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും.