തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ്-19 പകരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു. ഇന്ന് ജില്ലയില്‍ സ്ഥിരീകരിച്ച നാല് കേസുകളില്‍ ഒന്ന് നഗരത്തിലാണ്. മണക്കാടുള്ള 23 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ താജിക്കിസ്ഥാനില്‍ നിന്നും ഡല്‍ഹി വഴി 23-ന് തിരുവനന്തപുരത്ത് എത്തിയതാണ്. മണക്കാട് നിലവില്‍ 10 പേരാണ് ചികിത്സയിലുള്ളത്.

പാറശാല സ്വദേശിയായ 28 വയസ്സുള്ള സൈനികന്‍, 28 വയസ്സുള്ള ഇരിഞ്ചയം സ്വദേശി, 51 വയസ്സുള്ള ഇടവ സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍. സൈനികന്‍ ജൂണ്‍ 20-ന് ജമ്മുകശ്മീരില്‍ നിന്നും ട്രെയിനില്‍ നാട്ടിലെത്തിയതാണ്. ഇരിഞ്ചയം സ്വദേശി ജൂണ്‍ 19-ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ തിരുവനന്തപുരത്തെത്തി. ഇടവ സ്വദേശി കുവൈറ്റില്‍ നിന്നും 18-ന് എത്തിയതാണ്.

എന്നാല്‍ വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ച ഏഴില്‍ അഞ്ച് കേസും നഗരത്തിലാണ് സ്ഥിരീകരിച്ചത്. അവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. തിരുവന്തപുരം നഗരത്തില്‍ ഇതുവരെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. കൂടാതെ, 16 പേരുടെ രോഗബാധ ഉറവിടം കണ്ടെത്താനായിട്ടുമില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് രോഗികളുള്ള ജില്ലയാണെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് അതീവ ജാഗ്രത പുലര്‍ത്തുന്നത്.

Read Also: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു; ഇന്നുമാത്രം 195 പേർക്ക് പോസിറ്റീവ്

നഗരത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ കര്‍ശന നിയന്ത്രണ, നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ പി ബിനു പറഞ്ഞു. ശനിയാഴ്ച്ചത്തെ കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണെന്നും 10 ദിവസങ്ങളിലായി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭവന സന്ദര്‍ശനം നടത്തി ബോധവല്‍കരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കണ്ടെയിന്‍മെന്റ് സോണുകളില്‍ അണുനശീകരണവും നടത്തിയിട്ടുണ്ട്. ആരെങ്കിലും ക്വാറന്റൈന്‍, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് അറിവ് കിട്ടിയാല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബിനു പറഞ്ഞു.

തലസ്ഥാനത്ത് ആറ് സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. ആറ്റുകാല്‍, കുര്യാത്തി, കളിപ്പാന്‍കുളം, മണക്കാട്, തൃക്കണ്ണാപുരം, വള്ളക്കടവ് എന്നീ സ്ഥലങ്ങളാണ് സോണുകളായി പ്രഖ്യാപിച്ചത്. അമ്പലത്തറ, കാലടി, ചാല, നെടുങ്കാട്, കമലേശ്വരം എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

മണക്കാട് ജൂണ്‍ 19-ന് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെള്ളിയാഴ്ച്ച രോഗം സ്ഥിരീകിച്ചിരുന്നു. മണക്കാടുള്ള രോഗികളില്‍ ഒരാള്‍ കട നടത്തുന്നയാളാണ്. ഇയാളുടെ ഭാര്യയ്ക്കും മകനും രോഗം ബാധിച്ചിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുക സങ്കീര്‍ണമാണെന്നാണ് ആരോഗ്യ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ഇവരെ കൂടാതെ, വി എസ് എസ് സിയില്‍ നിന്നും വിരമിച്ച വള്ളക്കടവ് സ്വദേശിയ്ക്കും ഇപ്പോള്‍ വി എസ് എസ് സി ഉദ്യോഗസ്ഥനായ മണക്കാട് സ്വദേശിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനാല്‍ നഗര സഭ അണുനശീകരണം നടത്തി. മൂന്ന് ദിവസത്തിനുശേഷമാണ് വെള്ളിയാഴ്ച്ച മണക്കാട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also: കോവിഡ്-19 ഭേദമായാലും കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

വി എസ് എസ് സി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടെക്‌നിക്കല്‍ വിഭാഗത്തിലെ 12 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ജൂണ്‍ 15 വരെ ജോലിക്കെത്തിയ അദ്ദേഹം പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളും വള്ളക്കടവ് സ്വദേശിയും വിദേശ യാത്രാ നടത്തിയിട്ടില്ല. വള്ളക്കടവ് സ്വദേശിക്ക് ജൂണ്‍ 18-ാം തിയതി മുതലാണ് രോഗം ബാധിച്ചത്. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് നഗരത്തിലെ 54 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അവ പൂട്ടാന്‍ പൊലീസ് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചാല, പാളയം മാര്‍ക്കറ്റുകളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. പകുതി കടകള്‍ മാത്രമേ തുറക്കാന്‍ അനുവാദം നല്‍കുന്നുള്ളൂ. കൂടാതെ, നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. എങ്കിലും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി നടത്താം.

Read Also: കൊറോണ പ്രതിരോധം; പ്രതിപക്ഷം കാലുവച്ച് വീഴ്ത്താന്‍ നോക്കുന്നു: ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം ജില്ലയില്‍ 86 പേരാണ് ചികിത്സയിലുള്ളത്. അതില്‍ ആറു പേര്‍ കൊല്ലം ജില്ലക്കാരും ആലപ്പുഴ, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തരും ചികിത്സയിലുണ്ട്.

178 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അതില്‍ 35 പേരെ ശനിയാഴ്ച അഡ്മിറ്റ് ചെയ്തതാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം 19,064 ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.