കൊച്ചി: കോവിഡ് രോഗികളുടെ കൈമാറിക്കിട്ടിയ വിവരങ്ങളുടെ അവശിഷ്ട ഫയലുകള്‍ നശിപ്പിച്ചതായി സ്‌പ്രിൻക്ലർ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഏപ്രില്‍ 20ന് ശേഷമുള്ള ഡാറ്റ സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയതായും ഡാറ്റ അപഗ്രഥന ചുമതലയില്‍ നിന്ന് സ്‌പ്രിൻക്ലർ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ഡാറ്റ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്യരുതെന്ന് കോടതി സ്‌പ്രിൻക്ലറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജിയും കമ്പനി പിന്‍വലിച്ചു. ബാക്ക് അപ് ഫയലുകള്‍ നശിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്ന് പിന്നീട് ലഭിച്ചെന്നും സര്‍ക്കാരില്‍ നിന്ന് നിർദേശം ലഭിച്ചതോടെ ഇക്കാര്യത്തില്‍ അവ്യക്തത നീങ്ങിയെന്നും കമ്പനി കോടതിയെ അറിയിച്ചു.

Read Also: സ്‌പ്രിൻക്ലർ: സ്വകാര്യ വിവരങ്ങളിൽ കമ്പനിക്ക് നേരിട്ടു പ്രവേശനമില്ലെന്ന് സർക്കാർ

കമ്പനിയുടെ അമേരിക്കയിലെ അഭിഭാഷകന്‍ ഡാന്‍ ഹാലിയാണ് അവശിഷ്ട ഫയലുകള്‍ നശിപ്പിച്ചതായി സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

കോവിഡ്-19 പ്രതിരോധത്തിന് ശേഖരിച്ച ഡാറ്റയിൽ സ്‌പ്രിൻക്ളറിന് നേരിട്ട് പ്രവേശനമില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവരങ്ങൾ ആമസോൺ ക്ലൗഡിന്റെ സെർവറിൽ നിന്ന് സി-ഡിറ്റിന്റെ സർവറിലേക്ക് മാറ്റിയെന്നും സ്‌പ്രിൻക്ലറിനു വിവരങ്ങൾ കൈമാറുന്നതിന് കൃത്യമായ മാർഗരേഖയുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്‌പ്രിക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാരിന്റെ സത്യവാങ്‌മൂലം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.