ആലപ്പുഴ: സമൂഹ മാധ്യമങ്ങളിലൂടെ കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷാണ് പിടിയിലായത്. പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിച്ചുവെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഫെയ്സ്ബുക്കിലൂടെ ഹരിപ്പാട് ആശുപത്രിയിൽ കൊറോണ ബാധിച്ച് രണ്ടുപേരെ പ്രവേശിപ്പിച്ചുവെന്നാണ് ഇയാൾ പ്രചരിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Read Also: കൊറോണ: പിഎസ്‌സി പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നൽകിയിരുന്നു.

കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.