തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങിയ പൂന്തുറയില്‍ സ്ഥിതി ശാന്തം. പ്രദേശത്ത് കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്.
കൂടാതെ, ജനങ്ങളുടെ ആവശ്യപ്രകാരം അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും സ്ഥലത്ത് വിന്യസിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് വിപണന കേന്ദ്രങ്ങള്‍ തുറന്നത്.
Read Also: എന്തുകൊണ്ട് എല്ലാ കോവിഡ് കേസുകളും പൂന്തുറയില്‍ ആകുന്നു?
ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കോവിഡ് പരിശോധനയോട് സഹകരിച്ചുവെന്ന് പൂന്തുറ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോ.പത്മനാഭന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ജനങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ക്വിക്ക് റെസ്‌പോണ്‍സ് ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്ക് ഗതാഗതം, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം നിരീക്ഷിക്കുകയും ചെയ്യും.
Read Also: പൂന്തുറ പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷം; വ്യാജവാര്‍ത്ത പരത്തുന്നു: മുഖ്യമന്ത്രി
ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജെന്‍ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ്‌ഡെസ്‌ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ വാര്‍ഡുകളിലെ ഒട്ടേറെ കുടുംബത്തിന് അഞ്ചു കിലോ അരി വീതം വിതരണം നടത്തിവരുന്നു. ഈ മൂന്നു വാര്‍ഡുകളിലുമായി ആകെ 8,110 കാര്‍ഡ് ഉടമകളാണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 69 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. അതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കം. അതിനുപുറമെ എവിടെനിന്ന് ബാധിച്ചു എന്നറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുകയാണ്.
Read Also: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം അനുവദിക്കില്ല, കുറ്റകരം: മുഖ്യമന്ത്രി
ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ എന്നിവ നടത്തുന്നു.
കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയില്‍ അവശ്യസാധനങ്ങളും ചികിത്സയും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ജനം തെരുവില്‍ ഇറങ്ങിയത്. അതേസമയം, കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ജനത്തെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.