തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഫറഞ്ഞു.

രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരും. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകണം. തൊഴില്‍മേഖല സജീവമാക്കാനാവണം. പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

Read Also: മലബാറിലെ നാല് ജില്ലകള്‍ ഒരു മേഖല; കേന്ദ്രത്തിന്റെ അനുമതി വാങ്ങും

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം.

Read Also: സ്വകാര്യ ആശുപത്രികളേയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും

സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.