കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക്ഡൗൺ. ആളുകൾ കൂടിച്ചേരുന്നതിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. അഞ്ച്പേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ, ആരോഗ്യമേഖലയിൽപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും, ബീച്ച്,പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല, പൊതുഗതാഗതം സാധാരണനിലയിൽ പ്രവർത്തിക്കും, അതേസമയം പി.എസ്.സി പരീക്ഷകൾ പതിവ് പോലെ നടക്കുമെന്നും കോഴിക്കോട് കലക്ടർ സാംബശിവറാവു അറിയിച്ചു.
ഈ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുമെന്നും കലക്ടർ അറിയിച്ചു. 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവുമാവും നിയമ നടപടികൾ സ്വീകരിക്കുക.
പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണു കോഴിക്കോട്. ജില്ലയില്‍ ഇന്നലെ 1504 പേര്‍ക്കാണു ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്.
കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നുണ്ട്. ടാഗോർ ഹാൾ, അർബ്ബൺ ഹെൽത്ത് സെന്റർ – വെസ്റ്റ്ഹിൽ, അർബ്ബൺ ഹെൽത്ത് സെന്റർ – ഇടിയങ്ങര, അർബ്ബൺ ഹെൽത്ത് സെന്റർ – മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്റർ – ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നത്. 20,000 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെ കൂടുതൽ വാക്സിൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയിൽ 20,027 പേര്‍ക്ക് കോവിഡ് വാക്സിൻ നൽകി